വിദ്യാര്‍ത്ഥിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി പിടിയില്‍

ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തിരുവത്ര പുത്തന്‍ കടപ്പുറത്തില്‍ താമസിച്ചു വന്ന കാളിടക്കയില്‍ റഷീദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 48 വയസുള്ള ഇയാളെ അണ്ണാച്ചി റഷീദ് എന്നാണ് അറിയപ്പെട്ടിരുന്നത്. ചാവക്കാട് പോലീസാണ് ഇയാളെ പിടികൂടിയത്. ലഹരിക്ക് അടിമയായ പ്രതി വിദ്യാര്‍ത്ഥിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പൃകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ദിവസങ്ങളായി ഇയാള്‍ ഒളിവിലായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ചാറ്റുകുളത്തുള്ള ഷാപ്പില്‍ മുഖം മറച്ച് കള്ള് കുടിക്കാന്‍ എത്തിയപ്പോഴാണ് പ്രതിയെ പോലീസ് അതി സാഹസികമായി പിടികൂടിയത്. ചാവക്കാട് എസ്.എച്ച്.ഒ: അനില്‍കുമാര്‍ ടി. മേപ്പിള്ളിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ യു.കെ. ഷാജഹാന്‍, കെ.പി. ആനന്ദ്, ടി.എം. കശ്യപന്‍, എ.എസ്.ഐ: സുനു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എം.എ. ജിജി, സി.പി.ഒമാരായ പി.കെ. വിപിന്‍, ശരത്ത്, മിഥുന്‍, സതീഷ്, ജോഷി, വനിതാ സി.പി.ഒ: ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Loading...