പാര്‍വതി തന്റെ കാമുകിയാണ്, നടിയെ അപമാനിച്ച് പ്രചാരണം നടത്തിയ യുവാവിന് സംഭവിച്ചത്

കോഴിക്കോട് : നടി പാര്‍വതി തിരുവോത്തിനെ സോഷ്യല്‍ മീഡിയകളിലൂടെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നടിയെ കുറിച്ച് ബന്ധുക്കള്‍ക്കു മോശം സന്ദേശങ്ങള്‍ പ്രതി അയക്കുകയും ചെയ്തിരുന്നു. പാലക്കാട് നെന്‍മാറ കോയക്കോടന്‍ വീട്ടില്‍ കിഷോറിനെയാണ് (40) എലത്തൂര്‍ പൊലീസ് തിരുവനന്തപുരത്തു അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ നിന്നും പിടികൂടിയത്.

പാര്‍വതിയെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങള്‍ കിഷോര്‍ പാര്‍വതിയുടെ പിതാവിനും സഹോദരനും പല തവണ അയച്ചതായി പൊലീസ് പറയുന്നു. ഇതിനു ശേഷം പാര്‍വതിയുടെ കോഴിക്കോട്ടുള്ള വീട്ടിലെത്തിയും മോശമായി സംസാരിച്ചു. സമൂഹമാധ്യമങ്ങളിലും മോശം പ്രചാരണം നടത്തി. പാര#്‌വതി തന്റെ കാമുകിയാണെന്ന് ഇയാള്‍ പറഞ്ഞു. പാര്‍വതിയുടെ പരാതിയില്‍ നോര്‍ത്ത് അസി.കമ്മിഷണര്‍ കെ.അഷ്‌റഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. ഇന്നലെ രാത്രി തിരുവനന്തപുരത്തു രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിക്കരികില്‍ നിന്നാണ് പിടികൂടിയത്.

Loading...

അതേസമയം ദേശീയ പൗരത്വ ബില്ലിനെതിരെ പ്രതികരിച്ച് നടി പാര്‍വതി. രാജ്യസഭയില്‍ ബില്ല് പാസായതിന് ശേഷമാണ് പാര്‍വതിയുടെ പ്രതികരണം. നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത്, പാടില്ല എന്ന് പാര്‍വതി ട്വിറ്റ് ചെയ്തു.

അനുകൂലിച്ചും പ്രതികൂലിച്ചും അതിശക്തമായ വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ബില്‍ രാജ്യസഭ കടന്നത്. ദേശീയ പൗരത്വ ബില്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചിരുന്നു. 105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭയില്‍ പാസായത്. ബില്ലിനെ ലോക്‌സഭയില്‍ അനുകൂലിച്ച ശിവസേന രാജ്യസഭയിലെ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.

നേരത്തെ ലോക്‌സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.

പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

അതേസമയം പൗരത്വഭേദഗതി ബില്ലിനെതിരേയുള്ള പ്രക്ഷോഭത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കലാപഭൂമിയായി. തെരുവിലിറങ്ങിയ ജനക്കൂട്ടം പലയിടത്തും സുരക്ഷാസേനയുമായി ഏറ്റുമുട്ടി. ത്രിപുരയില്‍ പ്രക്ഷോഭം നേരിടാന്‍ പട്ടാളത്തെ വിളിച്ചു. അസമിലും പട്ടാളം മുന്‍കരുതലായി നിലയുറപ്പിച്ചിട്ടുണ്ട്.

സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ വന്‍ സൈനിക വിന്യാസമാണ് ഇവിടങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കശ്മീരില്‍നിന്ന് പിന്‍വലിച്ച 2000 അര്‍ധ സൈനികരുള്‍പ്പെടെ സിആര്‍പിഎഫ്, ബിഎസ്എഫ്, സശസ്ത്ര സീമാ ബല്‍ എന്നീ വിഭാഗങ്ങളെയാണ് വിവിധ സംസ്ഥാനങ്ങളില്‍ വ്യോമമാര്‍ഗം എത്തിച്ചത്. പ്രതിഷേധം തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി.

പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ അസമിലെ ദിസ്പുര്‍, ഗുവഹാട്ടി, ദീബ്രുഘട്ട്, ജോര്‍ഘട്ട് എന്നിവിടങ്ങളില്‍ പോലീസ് ലാത്തിചാര്‍ജ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളും മാധ്യമ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ത്രിപുരയില്‍ പ്രതിഷേധം അക്രമാസക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് മൊബൈല്‍ ഇന്റര്‍നെറ്റിനും എസ്.എം.എസ് സേവനങ്ങള്‍ക്കും 48 മണിക്കൂര്‍ നേരത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് അസം, ത്രിപുര, മിസോറം, മേഘാലയ സംസ്ഥാനങ്ങളിലെ സ്‌കൂള്‍ – കോളേജ് പരീക്ഷകള്‍ മാറ്റിവച്ചിരിക്കുകയാണ്.