സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനെ മദ്യം നല്‍കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ഇടുക്കി: സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ വയോധികന്‍ അറസ്റ്റിലായി. ഇടുക്കിയാണ് സംഭവം. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ 67 കാരനായ ചിറയില്‍മേല്‍ തോമസ് അറസ്റ്റിലായി. സഹോദന്‍ 68 കാരനായ ഐപ്പിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ വ്യക്തമായതിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഐപ്പിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പാലക്കാട് നിന്നും തോമസ് പുറ്റടിയിൽ സഹോദരനായ ഐപ്പിന്റെ വീട്ടിലെത്തിയിരുന്നു. വൃദ്ധയായ അമ്മയും ഇവിടെയാണ് കഴിയുന്നത്. മകനുമായുള്ള കുടുംബകലഹത്തെ തുടർന്ന് അമ്മയിൽ നിന്ന് സ്വത്ത് വിഹിതം വാങ്ങി ഇവിടെ തന്നെ വീടുവച്ച് താമസിക്കാനായുള്ള പദ്ധതിയുമായി ആയിരുന്നു വരവ്. എന്നാൽ സ്വത്ത് നൽകാനാവില്ലെന്ന് മാതാവ് തീർത്തും പറഞ്ഞു. പകരം തന്നോടൊപ്പം താമസിക്കാൻ അനുവാദം നല്‍കുകയും ചെയ്തു. ഇതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. താൻ അമ്മയ്ക്ക് നല്‍കിയ കാശ് കൊണ്ട് സഹോദരൻ മദ്യം വാങ്ങിയതും തോമസിനെ ചൊടിപ്പിച്ചിരുന്നു.

Loading...

സഹോദരനും അമ്മയ്ക്കുമൊപ്പം താമസിച്ചാൽ അവരുടെ സംരക്ഷണച്ചുമതല കൂടി ഏറ്റെടുക്കേണ്ടി വരുമെന്ന ചിന്തയാണ് ഐപ്പിനെ ഒഴിവാക്കാനുള്ള തീരുമാനത്തിൽ തോമസിനെ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സഹോദരനെ വിളിച്ചുണർത്തിയ ‌ശേഷം ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു. അമിതമായി മദ്യപിച്ച് ഐപ്പ് മയക്കത്തിലായതോടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം അന്നു രാവിലെ തന്നെ തോമസ് ചെല്ലാര്‍കോവിലിൽ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയും ചെയ്തു.
സ്ഥിരം മദ്യപാനിയായ ഐപ്പ് നേരം പുലർന്നിട്ടും ഉണരാത്തത് മദ്യലഹരിയിലാണെന്ന് കരുതിയിരുന്ന മാതാവ് ഇയാൾ മരിച്ചു കിടക്കുന്നതാണെന്ന് അടുത്ത ദിവസമാണ് മനസിലാക്കിയത്. ജില്ലാ പൊലീസ് മേധാവി പി.കെ മധു, കട്ടപ്പന ഡിവൈഎസ്പി എന്‍.സി രാജ്‌മോഹന്‍ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടത്തി മുങ്ങിയ സഹോദരനെ പിടികൂടുന്നത്