അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച മധ്യവയസ്കൻ പിടിയിൽ

തിരുവല്ല: അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. തേവേരി പള്ളിവിരുത്തിയിൽ വീട്ടിൽ ജോളി എന്നു വിളിക്കുന്ന തോമസ് വി. ഉമ്മ(56)നെയാണ് പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡിലേക്ക് വീണ മരം വെട്ടിമാറ്റുന്നത് സംബന്ധിച്ച തർക്കത്തിനിടയിലായിരുന്നു സംഭവം. പുളിന്തറ വീട്ടിൽ സതീഷ് കുമാറി (47)നെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.
ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം. തോമസ് വി ഉമ്മന്റെ പുരയിടത്തിൽ നിന്നിരുന്ന ആഞ്ഞിലി മരം വ്യാഴാഴ്ച രാത്രി റോഡിലേക്ക് കടപുഴകി വീണിരുന്നു. ഇത് വെട്ടിമാറ്റുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.