14കാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

കടയ്ക്കാവൂര്‍: 14 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കടയ്ക്കാവൂര്‍ ഓവര്‍ ബ്രിഡ്ജിന് സമീപം കോവിലഴികം വീട്ടില്‍ രാഹുല്‍ എന്ന 20 കാരനാണ് പോലീസ് പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് 28ന് രാത്രി പ്രതി വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു. മണ്ണാത്തിമൂല ഭാഗത്ത് എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അഫകടത്തില്‍ പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കടയ്ക്കാവൂര്‍ പോലീസ് എത്തി പരുക്കേറ്റ ഇരുവരെയും ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് മേഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.

കാലില്‍ പരുക്ക് പറ്റിയ രാഹുലിനെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു. എന്നാല്‍ പെണ്‍കുട്ടിക്ക് ബോധം വന്നതോടെയാണ് തട്ടിക്കൊണ്ട് പോകല്‍ വിവരം പുറംലോകം അറിയുന്നത്. കടയ്ക്കാവൂര്‍ എസ്.ഐ വിനോദ് വിക്രമാദിത്യന്‍, എസ്.സി.പി.ഒ ബിനോജ്, ജ്യോതിഷ്, ഷിബു, ഡബ്ല്യൂ.സി.പി.ഒ മേരി എന്നിവരടങ്ങിയ സംഘം ഉടന്‍ തന്നെ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്തു. വിവരം ലഭിച്ചയുടന്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചതിനാല്‍ പ്രതിക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല. ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നും കൂടുതല്‍ പേര്‍ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും സി.ഐ ആര്‍. ശിവകുമാര്‍ പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Loading...