വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി;യുവാവ് പിടിയിൽ

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് ഇന്നും ഇതിന് അരയായിക്കൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് കടയ്ക്കലിൽ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാളെ പിടികൂടി. കടയ്ക്കൽ പുല്ലുപണ തടത്തിൽ വീട്ടിൽ ശ്രീജിത്ത് (40) നെയാണ് പള്ളിക്കൽ പൊലീസ് പിടികൂടിയത്. ജോലി വാ​ഗ്ദാനം ചെയ്ത് നിരവധിപേരിൽ നിന്നും ലക്ഷങ്ങളാണ് ഇയാൾ തട്ടിയെടുത്തത്. മടവൂർ സ്വദേശികളായ ഷഫ്നാസ്, ആഷിഖ് എന്നിവരിൽ നിന്ന് വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് 40000 രൂപയും 30000 രൂപയും തട്ടിയെടുത്ത സംഭവത്തിലാണ് ഇയാളെ പിടികൂടിയത്.

സോഷ്യൽ മീഡിയ വഴി പ്രതി പ്രമുഖ കമ്പനികളിലേയ്ക്ക് ജോലി വാഗ്ദാനം നൽകി യുവാക്കളെ ആകർഷിക്കുകയാണ് ഇയാളുടെ രീതി. ജോലി അന്വേഷിച്ച് നടക്കുന്ന യുവാക്കൾ പരസ്യത്തിൽ ആകൃഷ്ടരായി ഇയാളെ ബന്ധപ്പെടും. തുടർന്ന് കാര്യങ്ങൾ വിശ്വസിപ്പിക്കുന്ന തരത്തിൽ ബോധിപ്പിച്ച ശേഷം മൂന്നു ഘട്ടമായി പണം തരണമെന്ന് ആവശ്യപ്പെടും. ഗൂഗിൾപേ വഴിയാണ് പണം നൽകാൻ അവശ്യപ്പെടുന്നത്. ആദ്യ ഘട്ടത്തിൽ പണം ലഭിക്കുമ്പോൾ കമ്പനിയുടെ പേരിൽ വ്യാജമായി ഓഫർ ലറ്റർ അയച്ചു കൊടുക്കും. രണ്ടാം ഘട്ടം പണം ലഭിക്കുമ്പോൾ മെഡിക്കൽ പരിശോധനയ്ക്കുള്ള രേഖ നൽകും. മൂന്നാം ഘട്ടം പണം ജോലി ലഭിച്ചതിനു ശേഷം തന്നാൽ മതി എന്നാണ് പറയുക. പണം ലഭിച്ച ശേഷം ഇയാൾ ഇവരുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കും. നിരവധിപേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പൊലീസ് നി​ഗമനം.

Loading...