ഒളിച്ചോടി വിവാഹം ചെയ്ത ദമ്പതികളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

ഒളിച്ചോടി വിവാഹിതരായ യുവതിയെയും കാമുകനെയും മരത്തില്‍ കെട്ടി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ ദാറിലാണ് സംഭവം. മര്‍ദ്ദിച്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിച്ച ദമ്പതികളെയും മറ്റൊരു ബന്ധുവിനെയുമാണ് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

ദാറിലെ അര്‍ജുന്‍ കോളനിയിലാണ് സംഭവം. മുകേഷ് എന്നയാളുടെ ഭാര്യ മറ്റൊരു യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. ഒളിച്ചോടിയ ഇവര്‍ വിവാഹം കഴിച്ചിരുന്നു. ഭാര്യയെ കാണാതായ മുകേഷ് അന്വേഷണം നടത്തുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ഭാര്യ ഗ്രാമത്തിലെ മറ്റൊരാളെ വിവാഹം കഴിച്ചതായി അറിയുകയായിരുന്നു.

Loading...

സംഭവത്തില്‍ ചര്‍ച്ച നടത്താമെന്ന് പറഞ്ഞാണ് മുകേഷ് യുവാവിനെയും ഭാര്യയെയും വിളിച്ചുവരുത്തിയത്. ഇവര്‍ക്കൊപ്പം മറ്റൊരു ബന്ധുവും എത്തി. ചര്‍ച്ച ചെയ്യുന്നതിനു പകരം യുവാവിനെയും യുവതിയെയും ബന്ധുവിനെയും മുകേഷ് മറ്റുള്ളവരുടെ സഹായത്തോടെ പിടിച്ചു കെട്ടി വടി കൊണ്ട് മര്‍ദ്ദിച്ചു.

മുകേഷിന്റെ കുടുംബവും ഇവരെ മര്‍ദ്ദിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ കണ്ടുനിന്ന ആള്‍ക്കാരാരും ഇടപെട്ടില്ല. ചിലര്‍ മര്‍ദ്ദിക്കുമ്പോള്‍ വീഡിയോ പകര്‍ത്തുകയായിരുന്നു.