ട്രെയിനില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം;സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു

പൂണെ: ട്രെയിനില്‍ ഭാര്യയ്ക്കും കുഞ്ഞിനും സീറ്റ് ചോദിച്ച യുവാവിനെ സ്ത്രീകളടക്കമുള്ളവര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുന്നു. മഹാരാഷ്ട്രയിലെ കല്യാണ്‍ സ്വദേശി സാഗര്‍ മര്‍ക്കാദാണ് അതിദാരുണമായി മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെ മുംബൈ-ലാത്തൂര്‍-ബിദര്‍ എക്‌സ്പ്രസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

അമ്മയ്ക്കും ഭാര്യയ്ക്കും രണ്ട് വയസ്സുള്ള മകള്‍ക്കുമൊപ്പാണ് വ്യാഴാഴ്ച പുലര്‍ച്ചെ സാഗര്‍ ട്രെയിനില്‍ കയറിയത്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ നല്ല തിരക്കായതിനാല്‍ ഇവര്‍ക്ക് സീറ്റ് ലഭിച്ചിരുന്നില്ല. ഇതിനിടെ കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുകയായിരുന്ന ഭാര്യയ്ക്ക് എങ്ങനെയെങ്കിലും സീറ്റ് ഉറപ്പാക്കാന്‍ സാഗര്‍ ശ്രമിച്ചു. ഇതിനായി ഒരു സ്ത്രീയോട് അല്പം നീങ്ങിയിരിക്കാമോ എന്ന് ചോദിച്ചു. എന്നാല്‍ നീങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടത്. ഇഷ്ടപ്പെടാതിരുന്ന സ്ത്രീ ബഹളംവെച്ച് യുവാവിനെ മര്‍ദിക്കുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന അഞ്ച് സ്ത്രീകള്‍ അടക്കം 12 പേര്‍ ചേര്‍ന്നാണ് സാഗറിനെ മര്‍ദിച്ചതെന്നാണ് ഭാര്യയുടെ മൊഴി. സാഗറിനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ട് ഭാര്യയും അമ്മയും തടയാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പിന്മാറിയില്ല.

Loading...

തുടര്‍ന്ന് ട്രെയിന്‍ ദൗന്ത് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ സാഗറിന്റെ ഭാര്യ വിവരമറിയിച്ചതനുസരിച്ച് പോലീസെത്തി. ഉടന്‍തന്നെ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കല്യാണില്‍ താമസിക്കുന്ന സാഗറും കുടുംബവും സോളാപൂരില്‍ ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായാണ് ട്രെയിനില്‍ കയറിയത്.

അതേസമയം ബെംഗളൂരുവില്‍ വീട്ടുടമയായ യുവതിയെയും കുടുംബാംഗങ്ങളെയും കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം വാടകക്കാരനായ യുവാവ് ജീവനൊടുക്കി. ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ബെംഗളൂരു മഗഡി റോഡിന് സമീപം ഹെഗനഹള്ളിയിലായിരുന്നു സംഭവം. ലക്ഷ്മി ശിവരാജ്(36) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീടിന്റെ മുകള്‍നിലയില്‍ താമസിച്ചിരുന്ന രംഗധാമയ്യ(35)യാണ് യുവതിയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. ഇയാളുടെ ആക്രമണത്തില്‍ ലക്ഷ്മിയുടെ തളര്‍ന്നുകിടക്കുന്ന ഭര്‍ത്താവ് ശിവരാജി(38)നും മകള്‍ ചൈത്ര(16)യ്ക്കും ഗുരുതരമായി പരിക്കേറ്റു. രംഗധാമയ്യയുമായി അടുപ്പത്തിലായിരുന്ന ലക്ഷ്മി ഈ ബന്ധത്തില്‍നിന്ന് അകലംപാലിച്ചതാണ്.കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ആറുവര്‍ഷമായി തുംകുരു സ്വദേശിയായ രംഗധാമയ്യയും കുടുംബവും ലക്ഷ്മിയുടെ വീടിന്റെ മുകള്‍നിലയിലായിരുന്നു താമസം. കഴിഞ്ഞവര്‍ഷം ഇയാളുടെ ഭാര്യ മരിച്ചതോടെ മക്കളെ നാട്ടിലേക്ക് അയച്ചു. തുടര്‍ന്ന് രംഗധാമയ്യ ഒറ്റയ്ക്കായിരുന്നു മുകള്‍നിലയില്‍ താമസിച്ചുവന്നത്.

ഇതിനിടെ വീട്ടുടമയായ ലക്ഷ്മിയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഭര്‍ത്താവും മകളും അറിഞ്ഞതോടെ ഇരുവരും ലക്ഷ്മിയോട് ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ലക്ഷ്മി രംഗധാമയ്യയില്‍നിന്ന് അകലംപാലിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞദിവസം ലക്ഷ്മിയുടെ വീട്ടിലെത്തിയ രംഗധാമയ്യ മൂര്‍ച്ചയുള്ള ഒരു വസ്തു ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇതിനുപിന്നാലെ ശിവരാജിനെയും ചൈത്രയെയും കുത്തിപരിക്കേല്‍പ്പിച്ചു. പിന്നീട് വീടിന്റെ മുകള്‍നിലയിലേക്ക് പോയ ഇയാള്‍ സ്വയം കുത്തിപരിക്കേല്‍പ്പിച്ച തൂങ്ങിമരിക്കുകയായിരുന്നു.