ചുണ്ടിനുള്ളില്‍ കാമുകിയുടെ പേരു്‌ പച്ചകുത്തിയ കാമുകന്റെ ജോലി നഷ്ടപ്പെട്ടു

ന്യുയോര്‍ക്ക്‌: ചുണ്ടിനുള്ളില്‍ മുന്‍ കാമുകിയുടെ പേര്‌ പച്ചകുത്തിയ യുവാവിന്റെ പണി പോയി. ന്യുയോര്‍ക്ക്‌ ഹോം ഡിപ്പാര്‍ട്ട്‌മെന്റ്‌ ജീവനക്കാരനായ കിര്‍ക്ക്‌ സോക്കോര്‍സോ എന്ന യുവാവിനാണ്‌ ജോലി നഷ്‌ടപ്പെട്ടത്‌. ഇഷ്‌ട പ്രാണേശ്വരിയുടെ പേര്‌ ചുണ്ടിനുള്ളില്‍ പച്ചകുത്തുന്നതിനു എന്താണ് തെറ്റെന്ന് ചിന്തിക്കുന്നവരുണ്ടാകും. എന്നാല്‍ കാമുകിയുടെ പേര്‌ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ തീവ്രവാദ സംഘടനയുടെ ചുരുക്കപ്പേരായ ഐ.എസ്‌.ഐ.എസ്‌ എന്നാണെങ്കിലോ?. പിന്നെ പണി തെറിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാല്‍ കിര്‍ക്കിന്റെ കാമുകിയുടെ പേരിന്‌ ഇസ്ലാമിക്‌ സ്‌റ്റേറ്റുമായി ഒരു ബന്ധവുമില്ല.

ഈജിപ്‌ഷ്യന്‍ പുരാണത്തിലെ പ്രകൃതിയുടെ ദേവതയായ ഇസിസിനോടുള്ള ആരാധനയെ തുടര്‍ന്നാണ്‌ കിര്‍ക്കിന്റെ കാമുകിയായിരുന്ന പെണ്‍കുട്ടിക്ക്‌ മാതാപിതാക്കള്‍ ഇസിസ് എന്ന്‌ പേരിട്ടത്‌. എന്നാല്‍ കാമുകിയുടെ പേര്‌ ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ഐ.എസ്‌.ഐ.എസ്‌ എന്നാകും. ഇതാണ്‌ കിര്‍ക്കിന്റെ പണി തെറിപ്പിച്ചത്‌. നാല്‌ വര്‍ഷം മുമ്പ്‌ പ്രണയം കൊടുമ്പരി കൊണ്ടിരിക്കുമ്പോഴാണ്‌ കിര്‍ക്ക്‌ ചുണ്ടിനുള്ളില്‍ കാമുകിയുടെ പേര്‌ പച്ചകുത്തിയതു്‌. കാമുകിയോടുള്ള ആത്മാര്‍ത്ഥത തെളിയിക്കുന്നതിനായി ചെയ്‌ത സാഹസം നാലുവര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ പണി തെറിപ്പിക്കുമെന്ന്‌ കിര്‍ക്ക്‌ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരിക്കില്ല.

Loading...

അതേസമയം ഐഎസ്‌ഐഎസ്‌ എന്ന പേര്‌ പച്ചകുത്തിയതിനെ പേരില്‍ മാത്രമല്ല കിര്‍ക്കിനെ ജോലിയില്‍ നിന്ന്‌ പുറത്താക്കിയതെന്ന്‌ ഹോം ഡിപ്പാര്‍ട്ട്‌മെന്റ വക്‌താവ്‌ പ്രതികരിച്ചു. എന്നാല്‍ പുറത്താക്കലിലേക്ക്‌ നയിച്ച മറ്റ്‌ കാരണങ്ങള്‍ വിശദീകരിക്കാന്‍ ഹോം ഡിപ്പാര്‍ട്ട്‌മെന്റ്‌ വക്‌താവ്‌ തയ്യാറായില്ല.