കേരളത്തില്‍ സ്ത്രീകളും ഗുണ്ടകളാകുന്നു; വനിതാ ബ്ലേഡ് മാഫിയാ സംഘത്തിന്റെ ഭീഷണി: റിട്ട. ക്ലേര്‍ക്ക് ജീവനൊടുക്കി

ആലപ്പുഴ: നിയമം എത്ര ശക്തമാണെങ്കിലും കേരളത്തില്‍ ഇപ്പോഴും ബ്ലേഡ് മാഫിയകള്‍ വിലസുന്നു. നേരത്തെ പുരുഷന്മാര്‍ മാത്രമായിരുന്നു ഇത്തരം ഗുണ്ടായിസ്സത്തിനു നേതൃത്വം നല്‍കിയതെങ്കില്‍ ഇപ്പോള്‍ സ്ത്രീകളും ഈ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം ഒരു ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടര്‍ന്ന് റിട്ട. ഉദ്യോഗസ്ഥനാണ് കഴിഞ്ഞദിവസം ജീവനൊടുക്കേണ്ടി വന്നത്. അമ്പലപ്പുഴ താലൂക്ക് ഓഫീസിലെ റവന്യു റിക്കവറി വിഭാഗത്തിലെ റിട്ട. യു.ഡി. ക്ലേര്‍ക്ക് ആലപ്പുഴ പൂന്തോപ്പ് വാര്‍ഡ് കൊല്ലശ്ശേരി വെളിയില്‍ അംഗദന്‍ (56) ആണ് തൂങ്ങിമരിച്ചത്. രണ്ട് വനിതകളടങ്ങിയ ബ്‌ളേഡ് മാഫിയാസംഘത്തിന്റെ ഭീഷണിമൂലമാണ് ആത്മഹത്യചെയ്യുന്നതെന്ന് വീട്ടില്‍നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍നിന്ന് വ്യക്തമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെയാണ് അംഗദനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികളായ രണ്ട് സ്ത്രീകളില്‍നിന്ന് മൂന്ന് ലക്ഷം രൂപ കടം വാങ്ങിയിരുന്നെന്നും ഇതിനോടകം അഞ്ചെട്ടുലക്ഷം രൂപ പലിശയായി തിരിച്ചടച്ചെന്നും ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. മുതല്‍ ഉടന്‍ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീകള്‍ നേരിട്ടും ഫോണിലൂടെയും പലതവണ ഭീഷണിപ്പെടുത്തി. ക്വട്ടേഷന്‍ സംഘാംഗങ്ങളില്‍നിന്നുള്ള ഭീഷണിയും ഇടയ്ക്കിടെ ഉണ്ടായി.

Loading...

കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരിലെത്തിയ മൂന്നുപേര്‍ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും മുദ്രപ്പത്രത്തില്‍ ഒപ്പിട്ടുവാങ്ങിക്കുകയും ചെയ്തു. ഇതില്‍ ഒരാളുടെ പേരും ഫോണ്‍ നമ്പറും സഹിതമാണ് ആത്മഹത്യാക്കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്നത്. ഭാര്യ രമണിക്കും സേതുലക്ഷ്മി, ബിവിനലക്ഷ്മി (അമ്മു) എന്നീ മക്കള്‍ക്കുമൊപ്പമാണ് അംഗദന്‍ താമസിച്ചിരുന്നത്. ഇളയമകള്‍ മാത്രം വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് അകത്തെ മുറിയില്‍ കയറി അംഗദന്‍ തൂങ്ങിമരിച്ചത്. കുടുംബശ്രീയില്‍നിന്നും മറ്റും വായ്പ എടുത്തശേഷം ഉയര്‍ന്ന പലിശയ്ക്ക് മറ്റുള്ളവര്‍ക്ക് നല്‍കുന്നവരാണ് അംഗദന്‍ കത്തില്‍ സൂചിപ്പിച്ച സ്ത്രീകളെന്ന് പോലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റം തെളിഞ്ഞാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും ആലപ്പുഴ നോര്‍ത്ത് പോലീസ് പറഞ്ഞു.