എറണാകുളം : കുടുംബ വഴക്കിനെ തുടർന്ന് വൃദ്ധയുടെ വീട് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി ബന്ധുവായ യുവാവ്. എറണാകുളം നോർത്ത് പറവൂരിലാണ് സംഭവം. വാടാപ്പിള്ളി പറമ്പ് ലീലയുടെ വീടാണ് സഹോദരൻ്റെ മകൻ രമേശ് ഇടിച്ചു നിരത്തിയത്. ലീലയുടെ പേരിലുള്ള വീട്ടിൽ നിന്ന് ഇറങ്ങികൊടുക്കണമെന്ന് പറഞ്ഞ് രമേശ് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.
അവിവിവാഹിതയായ ലീല വീട്ടുജോലി ചെയ്‌തും മറ്റുമാണ് ജീവിക്കുന്നത്. വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോഴാണ് വീട് ഇടിച്ചുപൊളിച്ച് ഇട്ടിരിക്കുന്നത് കാണുന്നത്. വൃദ്ധയുടെ വീടിരിക്കുന്ന സ്ഥലം സ്വന്തമാക്കാനായിരുന്നു യുവാവിന്റെ ശ്രമം.
യുവാവ് യാതൊരു നിയമപരമായ അവകാശങ്ങളും ഇല്ലാതെയാണ് വീട് ഇടിച്ചുനിരത്തിയത്. രമേശ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ലീലയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. എന്നാൽ ആകെയുണ്ടായിരുന്ന കിടപ്പാടം നഷ്ടമായതോടെ വൃദ്ധ തെരുവിലായി.