വിശപ്പ് സഹിച്ചില്ല;റോഡില്‍ ചത്ത് കിടന്ന നായയെ ഭക്ഷിച്ച് കുടിയേറ്റ തൊഴിലാളി

ദില്ലി: രാജ്യം കണ്ട ഏറ്റവും വലിയ കൂട്ടപ്പലായനമാണ് രാജ്യന്ന് നടന്നുകൊണ്ടിരിക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സ്വന്തം നാടുകളിലേക്ക് ഏത് വിധേനയും പോകാന്‍ തുനിഞ്ഞിറങ്ങുന്ന അതിഥി തൊഴിലാളികളുടെ ഒരു വലിയ സംഖ്യ തന്നെയുണ്ട്. എന്നാല്‍ ഓരോ ദിവസവും അതിഥി തൊഴിലാളികളുടെ ദുരന്തകഥകളാണ് നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്നത്. അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഇവര്‍ കൈയില്‍ കിട്ടിയതെല്ലാം വാരിക്കൂട്ടി നീണ്ടു കിടക്കുന്ന റോഡിലേക്കിറങ്ങി നടക്കുകയാണ്. നാടെത്തുമോ എന്ന ഒരു പ്രതീക്ഷയും ഇല്ലാതെ.

വഴിയരികില്‍ വിശന്നും തളര്‍ന്നും ഒരു തുള്ളി വെള്ളം കിട്ടാതെയും ട്രാക്കില്‍ തളര്‍ന്നുറക്കി ട്രെയിന്‍ കയറിയും അതിദാരുണമായി മരണപ്പെടേണ്ട അവസ്ഥ. അതിദയനീയമായ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും ഇന്ന് പുറത്തുവന്ന ഒരു വീഡിയോ നമ്മുടെ ഹൃദയം തകര്‍ക്കുന്നതാണ്. വിശന്നു തളര്‍ന്ന ഒരു കുടിയേറ്റ തൊഴിലാളി റോഡില്‍ ചത്തുകിടന്ന നായയെ ഭക്ഷിക്കുന്ന ആ കാഴ്ച നമ്മളെ വേദനിപ്പിക്കുന്നതിനൊപ്പം ഒരുപാട് ചിന്തിപ്പിക്കുന്നതുമാണ്. ഇതാണോ നമ്മുടെ ഇന്ത്യ. സംഭവം നടക്കുന്ന ജയ്പൂരില്‍ നിന്ന് ദില്ലിയിലേക്കുള്ള ദേശീയപാതയിലാണ്.

Loading...

പ്രഥുമാന്‍ സിംഗ് നരൂക്ക എന്നയാളാണ് യൂട്യൂബിലൂടെ ഈ വീഡിയോ പുറത്ത് കൊണ്ടുവന്നത്. ജയ്പൂരില്‍ നിന്ന് ദില്ലിയിലേക്ക് പോകുമ്പോള്‍ ഷാഹ്പുരിയിലാണ് പ്രഥുമാന്‍ ഈ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ഉടന്‍ തന്നെ പ്രഥുമാന്‍ ഇയാളുടെ അടുത്തെത്തി ഭക്ഷണം വാങ്ങി നല്‍കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പ്രഥുമാന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്. വിശന്നിട്ട് റോഡില്‍ കിടക്കുന്ന ചത്ത നായയെ ഭക്ഷിക്കുന്നത് കണ്ട ആ തൊഴിലാളിയെ കണ്ടപ്പോള്‍ എന്റെ മനുഷ്യത്വം ലജ്ജിച്ചു പോയി. എന്നാല്‍ ഈ കാഴ്ച കണ്ടിട്ടും ഒരുപാട് പേരെ അദ്ദേഹം സഹായിക്കാതെ പോയി. അദ്ദേഹത്തിന് ഭക്ഷണവും വെള്ളവും നല്‍കിയെന്നും പ്രഥുമാന്‍ കുറിക്കുന്നുണ്ട്.