കുടുംബം പട്ടിണിയിലായി;മനോനില തെറ്റിയ കര്‍ഷകന്‍ നാലു വയസ്സുകാരി മകളെ കഴുത്തറുത്തുകൊന്നു

ഹൈദരാബാദ്: കൊവിഡ് ഭീഷണിക്കിടയിലും പുറത്തുവരുന്നത് ഭീകരമായ മനം തകര്‍ക്കുന്ന വാര്‍ത്തകളാണ്. കുടുംബം പട്ടിണിയിലായ വിഷമത്തില്‍ മനോനില തെറ്റിയ കര്‍ഷകന്‍ നാലു വയസ്സുകാരിയായ മകളെ കഴുത്തറുത്തുകൊന്നു. നാടിനെ നടുക്കിയ ഈ സംഭവം നടന്നിരിക്കുന്നത് തെലങ്കാനയിലെ സംഗ റെഡ്ഡി ജില്ലയിലാണ്. ഗോങ്‌ളൂരി ആദിവാസി മേഖലയിലാണ് സംഭവം നടന്നത്. ജീവ എന്ന കര്‍ഷകനാണ് സ്വന്തം മകളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാള്‍ക്ക് കൊലപ്പെടുത്തിയ നാല് വയസ്സുകാരിയെ കൂടാതെ ഒരു മകളും മകനും കൂടിയുണ്ട്. ഇയാളുടെ സഹോദരി കൂടി ഇവര്‍ക്കൊപ്പം തന്നെയാണ് കഴിയുന്നത്.

എന്നാല്‍ ഇവര്‍ക്ക് എല്ലാവര്‍ക്കും ആവശ്യമായി വരുന്ന ഭക്ഷണത്തിനുള്ള വക കണ്ടെത്താന്‍ ഇയാള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. മാത്രമല്ല ഇയാള്‍ക്കുണ്ടായിരുന്ന നിരവധി കടങ്ങളും ഇയാളെ നിരാശനാക്കിയിരുന്നു. ഇതാണ് ഇയാളെ ഈ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. വീട്ടിലെ സാഹചര്യത്തില്‍ ഇയാള്‍ നിരാശയിലായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവം ഇങ്ങനെയാണ്. വ്യാഴാഴ്ച രാത്രി ജീവയുടെ രണ്ട് പെണ്‍മക്കളും ഉറങ്ങാന്‍ കിടന്നത് ജീവയുടെ സഹോദരിക്കൊപ്പമായിരുന്നു. ജീവയ്ക്കും ഭാര്യയ്ക്കും ഒപ്പം മകനും കിടന്നു.

Loading...

രാത്രി 10 മണിക്ക് ശേഷം ജീവയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ചോദിച്ചപ്പോള്‍ മകളെ കാണാനില്ലെന്നാണ് ഇയാള്‍ പറഞ്ഞത്. വീടിന് പുറത്തിറങ്ങി മകളെ തിരക്കിയ വീട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെയാണ്. ഓടിക്കൂടിയ നാട്ടുകാര്‍ ജീവയുടെ ശരീരത്തില്‍ രക്തക്കറ കണ്ടതോടെ ഇയാളെ ചോദ്യം ചെയ്തു. എന്നാല്‍ ഇയാള്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. അതേസമയം വിഭ്രാന്തിയില്‍ താന്‍ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും കടബാധ്യതയും കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നില്ലെന്ന ചിന്തയുമാണ് ഒരു കുട്ടിയെ കൊലപ്പെടുത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് ജീവ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.