രക്ഷപ്രവർത്തകരെ വെട്ടിലാക്കി കൃഷ്ണന്റെ നീന്തിക്കുളി, ഒടുവിൽ സംഭവിച്ചത്

Loading...

ആലുവയിൽ പ്രളയം ദുരിതം വിതയ്ക്കുമ്പോൾ രക്ഷാപ്രവർത്തനത്തിനിടെ നാട്ടുകാരെയും പൊലീസിനെയും വെട്ടിലാക്കി വയോധികന്റെ നീന്തിക്കുളി. കൊടുങ്ങല്ലൂർ സ്വദേശി കൃഷ്ണനാണ് രക്ഷാപ്രവർത്തനത്തിനിടെ ആലുവ മണപ്പുറത്തെ പുഴയിലേക്ക് എടുത്തുചാടിയത്. വ്യാഴാഴ്ച മൂന്നുമണിയോടെയാണ് സംഭവം.

പുഴയിൽ എടുത്തുചാടിയ കൃഷ്ണനെ അൽപ്പസമയത്തിനകം കാണാതായി. കുറച്ചുസമയം കഴിഞ്ഞപ്പോൾ ക്ഷേത്രത്തിന് മുമ്പിലുള്ള ആൽമരത്തിലേക്ക് ആയാൾ നീന്തിക്കയറുന്നത് കണ്ടു. കരയിലേക്ക് നീന്തിക്കയറാൻ പൊലീസ് അവശ്യപ്പെട്ടെങ്കിലും അയാൾ കൂട്ടാക്കിയില്ല. കൃഷ്ണൻ ആൽമരത്തിന് മുകളിൽ കയറി.

Loading...

തുടർന്ന് രക്ഷാപ്രവർത്തകർ നീന്തിച്ചെന്ന് കൃഷ്ണനോട് മരത്തിൽ നിന്ന് താഴെയിറങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ അത് കൂട്ടാക്കാതെ കൃഷ്ണൻ വീണ്ടും മണപ്പുറം ക്ഷേത്രത്തിന് സമീപത്തേക്ക് നീന്തി. ക്ഷേത്രതൂണിന് അടുത്തെത്തിയതോടെ അയാൾ പ്രത്യക്ഷമായി. പൊലീസും നാട്ടുകാരും നോക്കിയിട്ടും കാണാതിരുന്നതോടെ അയാൾ ഒഴുക്കിൽപ്പെട്ട് പോയിരിക്കാമെന്ന് സംശയിച്ചു.

തുടർന്ന് കൃഷ്ണനെ കണ്ടെത്താൻ നേവിയുടെ സഹായം തേടുകയായിരുന്നു. എന്നാൽ കുറച്ച് സമയത്തിന് ശേഷം അയാൾ റോഡിലൂടെ നടന്ന് പോകുന്നത് നാട്ടുകാർ കണ്ടു. ഉടനെ തന്നെ അയാളെ പിടിച്ച് നാട്ടുകാർ പൊലീസിന് കെെമാറി.

തെങ്ങുകയറ്റ തൊഴിലാളിയായ തനിക്ക് ഇതൊന്നും പ്രശ്നമല്ലെന്നാണ് കൃഷ്ണൻ പൊലീസിനോട് പറഞ്ഞത്. ദിവസങ്ങളോളും പട്ടിണി കിടക്കാറുണ്ടെന്നും കുടജാദ്രിയിൽ തപസിരിക്കുകയും ചെയ്ത തനിക്ക് ഇതൊക്കെ എന്ത് എന്ന മട്ടിലായിരുന്നു കൃഷ്ണന്റെ വിശദീകരണം.