അപകടത്തിൽപ്പെട്ട് റോഡരികിൽ കിടക്കുമ്പോഴും സ്വന്തം ജീവൻ രക്ഷിക്കണമെന്ന് ഹരീഷ് നെഞ്ചപ്പ ആവശ്യപ്പെട്ടില്ല. പകരം തന്നെ സഹായിക്കാനെത്തിയവരോട് ഹരീഷ് നഞ്ചപ്പയ്ക്ക് അവസാനമായി പറയാൻ ഉണ്ടായിരുന്നത് ഇത്രമാത്രം’എടുക്കാവുന്ന അത്രയും അവയങ്ങൾ എടുക്കുക, മറ്റുള്ളരെ ജീവിപ്പിക്കാൻ ഇതു സഹായിക്കും’.ആശുപത്രിയിൽ എത്തിക്കുന്ന സമയത്ത് ഹരീഷിനു ജീവനുണ്ടായിരുന്നു. എന്നാൽ ഏതാനും മിനിറ്റുകൾക്കകം തന്നെ മരിക്കുകയും ചെയ്തു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ തലയ്ക്ക് കേടുപാടു പറ്റിയില്ല. അതിനാൽ കണ്ണുകൾ മാത്രമാണ് ദാനം ചെയ്യാനായത്. ബാക്കി അവയവങ്ങളെല്ലാം അപകടത്തിൽ കേടുപാടു പറ്റിയിരുന്നു. അപകടത്തിൽ ശരീരം രണ്ടായി വിഭജിച്ച സമയത്തും ഹരീഷിനു തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്നു പറയാൻ എങ്ങനെ കഴിഞ്ഞുവെന്നാണ് ഡോക്ടർമാർ പോലും അദ്ഭുതപ്പെടുന്നത്. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹരീഷ് സ്വദേശമായ തുമാകുരുവിൽ നിന്നും തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഹരീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഹൈവേയിൽ വച്ച് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഹരീഷിന്റെ ദേഹം രണ്ടായി പിളർന്നു. അപകടത്തിൽപ്പെട്ടു കിടന്ന ഹരീഷിനെ ആശുപത്രിയിലെത്തിക്കാൻ ആരും മുന്നോട്ടുവന്നില്ല. ഒടുവിൽ പൊലീസെത്തിയാണ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. ആ സമയത്താണ് തന്റെ അവയങ്ങൾ എടുത്തുകൊള്ളാൻ ഹരീഷ് ആവശ്യപ്പെട്ടത്.