വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവാവ് പെണ്‍കുട്ടിയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ടു

മുംബൈ : പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനും വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് സമൂഹത്തില്‍. കൊലപാതകങ്ങളും നിരവധി കണ്ടിട്ടുണ്ട്. മുംബൈയില്‍ നിന്നും ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്തയും ഞെട്ടിക്കുന്നതാണ്. വിവാഹാഭ്യര്‍ത്ഥന നിരസിച്ച 21 കാരിയായ പെണ്‍കുട്ടിയെ യുവാവ് ട്രെയിനിന് മുന്നിലേയ്ക്ക് തള്ളിയിട്ടു. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പെണ്‍കുട്ടി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മുംബൈയിലെ ഖര്‍ റെയില്‍വെ സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ കണ്ടെത്തുകയും ചെയ്തു. സുമേധ് ജാധവ് ആണ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

അന്ധേരിയില്‍ നിന്ന് ട്രെയിന്‍ കയറിയത് മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടരുന്നുണ്ടായിരുന്നു. സഹായത്തിനായി ഖര്‍ റെയില്‍വെ സ്റ്റേഷനിലെത്താന്‍ പെണ്‍കുട്ടി അമ്മയോട് ആവശ്യപ്പെട്ടിരുന്നു. ഖര്‍ റയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങിയ പെണ്‍കുട്ടി അമ്മയോടൊപ്പം പോകാനൊരുങ്ങിയെങ്കിലും ഇയാള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. തന്റെ കൂടെ ചെല്ലണമെന്നും തന്നെ വിവാഹം കഴിക്കണമെന്നതുമായിരുന്നു ഇയാളുടെ ആവശ്യം. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതോടെ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് പിന്നാലെ പാഞ്ഞ ഇയാള്‍ പിന്നീട് ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുളള വിടവിലേയ്ക്ക് പെണ്‍കുട്ടിയെ തള്ളിയിടാന്‍ ശ്രമിച്ചു. പെണ്‍കുട്ടിയുടെ അമ്മ പ്രതിരോധിച്ചെങ്കിലും പിടിവലിയില്‍ യുവതിയുടെ തലയ്ക്ക് പരിക്കേറ്റു. ഉടന്‍ തന്നെ ഇയാള്‍ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി. പൊലീസ് സുമേധിനെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

Loading...