വീട്ടിലുണ്ടാക്കിയ സാമ്പാറിന് രുചി പോരെന്നു പറഞ്ഞു വാക്കുതർക്കം, സ്വന്തം അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊന്നു

ഉത്തര കർണാടകയിൽ വീട്ടിലുണ്ടാക്കിയ സാമ്പാറിന് രുചി കുറഞ്ഞെന്നു പറഞ്ഞു സ്വന്തം അമ്മയേയും സഹോദരിയേയും യുവാവ് വെടിവെച്ച് കൊന്നു. 24കാരനായ മഞ്ചുനാഥ് ഹസ്ലാർ ആണ് പ്രതി. പ്രതിയുടെ അമ്മ പാർവതി നാരായണ ഹസ്ലാർ (42) സഹോദരി രമ്യ നാരായണ ഹസ്ലാർ (19) എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രതിയെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. മദ്യപാനിയായ മഞ്ചുനാഥ് വീട്ടിൽ അമ്മയുണ്ടാക്കിയ സാമ്പാറിന് രുചിയില്ലെന്ന് ആരോപിച്ച് വാക്കേറ്റത്തിലേർപ്പെട്ടു. ഇതിനിടെ സഹോദരിക്ക് വായ്പ എടുത്ത് മൊബൈൽ ഫോൺ വാങ്ങി നൽകുന്നതിനേയും ഇയാൾ എതിർത്തു. മകൾക്ക് മൊബൈൽ വാങ്ങി നൽകുന്നതിനെ എതിർക്കാൻ മഞ്ചുനാഥിന് അവകാശമില്ലെന്ന് അമ്മ പറഞ്ഞതോടെ ക്ഷുഭിതനായ പ്രതി വീട്ടിലുണ്ടായിരുന്ന നാടൻതോക്ക് ഉപയോഗിച്ച് അമ്മയ്ക്കും സഹോദരിക്കും നേരെ വെടിയുതിർക്കുകയായിരുന്നു.

Loading...

സംഭവം നടക്കുമ്പോൾ പ്രതിയുടെ അച്ഛൻ വീട്ടിലുണ്ടായിരുന്നില്ല. ഇയാൾ മടങ്ങിയെത്തി ഭാര്യയേയും മകളേയും മകൻ കൊലപ്പെടുത്തിയെന്ന് പോലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്.