വൈക്കത്ത് പൂവാലന് കണക്കിന് പണി കിട്ടി ; ഈ പൂവാലന്‍ ചില്ലറക്കാരനല്ല..

പൂവാലന്മാരെ പൊക്കാന്‍ നടക്കുന്ന പോലീസിന് തന്നെ പൂവാലന്റെ സ്വഭാവമാണ് എങ്കില്‍ പിന്നെ എന്തുചെയ്യാനാണ്. വൈക്കത്തുള്ള യുവതിക്കാണ് പോലീസുകാരന്റെ നിരന്തര ശല്യം നേരിടേണ്ടി വന്നത്.

ഭര്‍ത്താവ് ഗള്‍ഫില്‍ ജോലി ചെയ്യുന്നതിനാല്‍ യുവതി പുളിംചുവട്ടിലെ വാടകവീട്ടില്‍ താമസിക്കുകയാണ്. മറവന്‍ തുരുത്ത് സ്വദേശിയായ പോലീസുകാരന്‍ വീട്ടമ്മയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുക പതിവായിരുന്നു.

യുവതിയുടെ ഭര്‍ത്താവ് അടുത്തിടെയാണ് ഒരു മാസത്തെ അവധിക്ക് വന്നത്. അതിനിടെ ഭാര്യയുടെ ഫോണിലേക്ക് നിരന്തരം ഫോണ്‍വിളികള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. കാര്യം അന്വേഷിച്ചപ്പോഴാണ് പോലീസുകാരനാണ് വില്ലനെന്ന് മനസ്സിലായത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാള്‍ ഭാര്യയേയും കൂട്ടി മറവന്‍ തുരുത്തിലുള്ള പോലീസുകാരന്റെ വീട്ടിലെത്തി. ഇവിടെ വെച്ച് ഇരുവരും തമ്മില്‍ വന്‍ വാക്കേറ്റമുണ്ടായി. തുര്‍ന്നുണ്ടായ കയ്യേറ്റം അവസാനിച്ചത് കത്തിക്കുത്തിലുമാണ്.

പരുക്കേറ്റ പോലീസുകാരന്‍ മുട്ടുചിറ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പോലീസുകാരനെതിരെ യുവാവും ഭാര്യയും പോലീസില്‍ പരാതി നല്‍കി. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്.