മോഷ്ടിക്കാന്‍ വേണ്ടി പൊറോട്ടയടി തൊഴിലാക്കിയ രതീഷ്

തിരുവനന്തപുരം: ബാലരാമപുരം ഗണപതിവിലാസത്തിൽ രതീഷിന് ഹോട്ടലുകളിൽ പൊറോട്ട അടിയ്ക്കുന്ന ജോലിയാണ്. എന്നാൽ രതീഷിന് വിരുത് മറ്റൊരു കാര്യത്തിലാണ്. കൂടെ ജോലിചെയ്യുന്നവരുടെ സാധനങ്ങൾ അടിച്ചുമാറ്റുക എന്നതാണിത്. അന്യസംസ്ഥാനതൊഴിലാളികളുടെ പണവും മൊബൈലുകളുമാണ് ഏറെ പ്രിയം. പരാതിപ്പെടാനോ അന്വേഷിച്ച് കണ്ടെത്താനൊ അന്യസംസ്ഥാനതൊഴിലാളികൾ മെനെക്കെടാത്തതുകൊണ്ടാണ് ഇവരുടെ സാധനങ്ങൾ അടിച്ചുമാറ്റി മുങ്ങുന്നത്.

വിവിധ ജില്ലകളിൽ അന്യസംസ്ഥാനക്കാർ കൂടുതലായി ജോലിചെയ്യുന്ന ഹോട്ടലുകൾ തിരഞ്ഞെടുത്താണ് രതീഷിന്റെ തൊഴിലന്വേഷണം. പൊറോട്ട അടിയിൽ കേമനാണെങ്കിലും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ തയ്യാറായതുകൊണ്ട് ജോലി കിട്ടാൻ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരാറില്ല. ഒരുമാസം ഹോട്ടലിൽ മറ്റുതൊഴിലാളികളോടൊപ്പം തന്നെ അവരുടെ താമസ സ്ഥലത്ത് തങ്ങും. അന്യസംസ്ഥാനക്കാരുമായി പെട്ടെന്ന് അടുത്തതിനു ശേഷം അവർ വിലകൂടിയ മൊബൈലുകളും പണവും വയ്ക്കുന്നസ്ഥലവും നോക്കിവയ്ക്കും. അന്യസംസ്ഥാനതൊഴിലാളികളിൽ പലരും ശമ്പളം ബാങ്കിൽ നിക്ഷേപിക്കാതെ സ്വരുക്കൂട്ടി അവരുടെ ബാഗുകളിലാക്കിവയ്ക്കുകയാണ് പതിവ്. ഒരുമാസത്തെ നിരീക്ഷണത്തിനൊടുവിൽ തരംകിട്ടുമ്പോൾ തൊഴിലാളികളുടെ മൊബൈലുകളും പണവും മൊത്തം കൈക്കലാക്കി ഒറ്റമുങ്ങലാണ്. പിന്നെ പൊങ്ങുന്നത് സ്വന്തം നാടായ ബാലരാമപുരത്ത്. മോഷ്ടിച്ചു കിട്ടുന്ന പണംകൊണ്ട് ഒരു മാസം മറ്റുതൊഴിലിനൊന്നും പോകാതെ നാട്ടിൽ മദ്യപിച്ചു കറങ്ങിനടക്കുകയാണ് ഇയാളുടെ പതിവ്.

Loading...

കരിക്കകത്തെ ഒരു ഹോട്ടലിലെ അന്യസംസ്ഥാന തൊഴിലാളി നാട്ടിൽ അയയ്ക്കാനായി കരുതിവച്ച 22,000രൂപയും വിലകൂടിയ മൊബൈൽഫോണും അടിച്ചുമാറ്റി മുങ്ങിയതാണ് അവസാനത്തെ മോഷണം. കിട്ടിയ പണം പകുതിയിലേറെ ചിലവഴിച്ചുകറങ്ങിനടക്കുന്നതിനിടെ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. തൊഴിലാളികളുടെ കയ്യിൽ നിന്നു മോഷ്ടിച്ച മൊബൈലുകൾ തകരപ്പറമ്പിലെ കടകളിൽ കൊണ്ടുപോയി വിൽക്കുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു. ഇവയെല്ലാം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ എറണാകുളത്തേയും പാങ്ങോട്ടെയും ഹോട്ടലുകളിൽ നിന്നും കൂടെ ജോലിചെയ്തിരുന്നവരുടെ മൊബൈലും പണവും മോഷ്ടിച്ചതായി രതീഷ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ രതീഷ് പിടിക്കപ്പെട്ട വിവരം അറിഞ്ഞ് കൂടുതൽ പരാതി ലഭിക്കാനിടയുണ്ടെന്ന് പാലോട് പൊലീസ് പറയുന്നു. ഭാര്യയും ഒരു കുട്ടിയുമുള്ള ഇയാൾ കുടുംബവുമായി അകന്നാണ് കഴിയുന്നത്. കൂടുതൽ ചോദ്യം ചെയ്യാനായി പാലോട് പൊലീസ് രതീഷിനെ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.