ഭാര്യയും അമ്മായിയമ്മയും ചൂല് കൊണ്ടടിച്ചു, 45 കാരന്‍ ജീവനൊടുക്കി

കൊല്‍ക്കത്ത: സ്വന്തം ഭാര്യയും അമ്മായിയമ്മയും ചൂല് കൊണ്ട് അടിച്ചതില്‍ മനംനൊന്ത് 45 കാരന്‍ ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ അലിപൂര്‍ദുര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. ശമുക്താല പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജഷോദംഗ ഗ്രാമത്തിലെ സൗമിത്ര അധികാരിയാണ് മരിച്ചത്. അദ്ദേഹത്തെ വീടിന്റെ സീലിങ്ങില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. അതേസമയം മരിച്ചയാളുടെ അമ്മ ഭാര്യയ്ക്കും അമ്മായിയമ്മയ്ക്കും എതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. അമ്മയുടെ പരാതി ഇങ്ങനെയാണ്.

രാവിലെ അടുത്തുള്ള ഉത്തര്‍ മജിദ്ഖാന ഗ്രാമത്തിലെ മരുമകളുടെ വസതി സന്ദര്‍ശിച്ചപ്പോള്‍ അവര്‍ തന്റെ മകനെ ചൂല് കൊണ്ട് മര്‍ദ്ദിച്ചുവെന്നും മകളെ കാണാന്‍ അനുവദിച്ചില്ലെന്നുമാണ് പരാതി. പൊലീസാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഭാര്യ വീട്ടില്‍ പോയി സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ ശേഷം അധികാരി സംഭവം അമ്മയോട് വിശദീകരിച്ചുകൊണ്ട് കിടപ്പുമുറിയില്‍ കയറി വാതില്‍പൂട്ടുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ സീലിംഗില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് അയച്ചതായും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നുമാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരിക്കുന്നത്.എന്നാല്‍ സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Loading...