പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം

തൃശൂര്‍: പ്രേമം അഭ്യര്‍ഥിച്ചുവരുന്നവരെ സൂക്ഷിക്കുക. അരിമ്പൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച നാലു സ്‌ത്രീകള്‍ക്കും വിദ്യാര്‍ഥിക്കും പരുക്കേറ്റു. ഇതില്‍ മൂന്നു സ്‌ത്രീകളുടെ നില ഗുരുതരമാണ്‌. കാറോടിച്ച കോളജ്‌ വിദ്യാര്‍ഥി കാറളം സ്വദേശി ഷിബിനായി പൊലീസ്‌ തിരച്ചില്‍ തുടരുകയാണ്‌.

രാവിലെ പത്തുമണിയോടെയാണ്‌ സംഭവം. കുന്നത്തങ്ങാടി സുബ്രഹ്‌മണ്യസ്വാമിക്ഷേത്ര ദര്‍ശനശേഷം റോഡിലൂടെ നടന്ന പോയ ഇരുപതുകാരിയാണ്‌ ആക്രമിക്കപ്പെട്ടത്‌. പിന്നിലൂടെ വന്ന ചുവന്ന കാര്‍ ഇടിച്ചു വീഴ്‌്‌ത്തുകയായിരുന്നു. അരിമ്പൂര്‍ സ്വദേശിനിയാണ്‌ പെണ്‍കുട്ടി.

Loading...

പരുക്കേറ്റു വീണ പെണ്‍കുട്ടിയെ നാട്ടുകാരായ സ്‌ത്രീകള്‍ ചേര്‍ന്ന്‌ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തിരിച്ചെത്തിയ കാര്‍ രണ്ടാംതവണ ഇവരെയും ഇടിച്ചു വീഴ്‌ത്തി. വീട്ടമ്മമാരായ അമൃത, ശ്യാമള, പത്മിനി, രമ്യ എന്നിവര്‍ക്കും വിദ്യാര്‍ഥിയായ രാഹൂലിനുമാണ്‌ പരുക്കേറ്റത്‌. ഇതില്‍ അമൃത, പത്മിനി, ശ്യാമള എന്നിവരുടെ നില ഗുരുതരമാണ്‌.

അപകടശേഷം അതിവേഗം പാഞ്ഞ കാറിന്റെ നമ്പര്‍ പിന്തുടര്‍ന്ന്‌ ഉടമയായ തൃശൂര്‍ കാറളം സ്വദേശിയെ പൊലീസ്‌ ചോദ്യം ചെയ്‌തു. എന്നാല്‍ വാഹനം ഓടിച്ചത്‌ ഇയാളുടെ മകന്‍ ഷിബിന്‍ ആണെന്ന്‌ കണ്ടെത്തി. കാറിനും ഡ്രൈവര്‍ക്കുമായി ചേര്‍പ്പ്‌ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. തുടര്‍ച്ചയായുള്ള പ്രണയാഭ്യര്‍ഥന നിരസിച്ചതാണ്‌ ആക്രമിക്കാന്‍ കാരണമെന്ന്‌ പൊലീസിനു മൊഴി ലഭിച്ചിട്ടുണ്ട്‌.