ദുബായിൽ നിന്നെത്തി കോട്ടയത്ത് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു

കോട്ടയം: വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോട്ടയത്താണ് സംഭവം. ദുബായിൽ നിന്നു തിരിച്ചെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവാണ് മരിച്ചത്. കാണക്കാരി കല്ലമ്പാറ മനോഭവനിൽ മഞ്ജുനാഥാണ് (39) മരിച്ചത്. മഞ്ജുനാഥിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ അധികൃതരെ അറിയിച്ചുവെങ്കിലും യുവാവിനെ ആശുപത്രിയിലേക്കു മാറ്റാൻ മണിക്കൂറുകൾ താമസിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. രാവിലെ അറിയിച്ചെങ്കിലും വൈകിട്ട് നാലോടെയാണ് ആംബുലൻസ് എത്തിയതെന്നു ബന്ധുക്കൾ ആരോപിച്ചു.

ഇന്നലെ വൈകിട്ടോടെ മെഡിക്കൽ കോളജിൽ എത്തിച്ചു രാത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. യുവാവിന്റെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ദുബായിൽ നിന്ന് 21നു എത്തിയ മഞ്ജുനാഥ് വീട്ടിൽ ഒറ്റയ്ക്കു ക്വാറന്റീനിൽ കഴിയുകയായിരുന്നു. സഹോദരൻ ഇന്നലെ രാവിലെ ഭക്ഷണവുമായി എത്തിയപ്പോൾ നേരത്തേ നൽകിയ ഭക്ഷണം എടുക്കാത്തതു ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്നു പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തുള്ള കാണക്കാരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അറിയിക്കുകയായിരുന്നു.

Loading...

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അധികൃതർ വീട്ടിൽ എത്തിയെങ്കിലും യുവാവ് നിരീക്ഷണത്തിലായതിനാൽ മെഡിക്കൽ കോളജിൽ കൊണ്ടുപോകണമെന്ന് നിർദേശിക്കുകയായിരുന്നു. മഞ്ജുനാഥിന്റെ ഭാര്യ: ഗായത്രി. മക്കൾ: ശിവാനി, സൂര്യകിരൺ.‍