മനുഷ്യ മാംസം കഴിക്കുന്നതിന് പിടിയിലായ യുവാവ് മാനസിക രോഗി, കഴിച്ചിരുന്നത് ശ്മശാനത്തിലെ പാതി കത്തിയ മൃതദേഹങ്ങൾ

തിരുനല്‍വേലി: ശ്മശാനത്തിലെ പാതി കത്തിയ മൃതദേഹം കഴിക്കുന്നതിന് പിടികൂടിയ യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. തമിഴ്നാട്ടിലെ തിരുനല്‍വേലി ജില്ലയില്‍ നിന്ന് ഞായറാഴ്ചയാണ് എസ് മുരുഗേഷന്‍ എന്നയാളെ മനുഷ്യ മാംസം കഴിക്കുന്നതിനിടെ പിടികൂടിയത്.

മനുഷ്യ മാംസം അറുത്തെടുത്ത് ഇയാള്‍ കഴിക്കുകയായിരുന്നുവെന്നാണ് ടി രാമനാഥപുരം ഗ്രാമത്തിലുള്ളവര്‍ പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച 70 വയസുള്ള ഒരു സ്ത്രീ രാമനാഥപുരം ഗ്രാമത്തില്‍ മരണപ്പെട്ടിരുന്നു. അവിടെയുള്ള ശ്മശാനത്തില്‍ അവരുടെ ബന്ധുക്കള്‍ മൃതദേഹം ദഹിപ്പിച്ചു.

പുലര്‍ച്ചെ ഒന്നരയോടെ ശ്മശാനത്തിന്‍റെ വഴിയിലൂടെ കുറച്ച് പേര്‍ വന്നപ്പോള്‍ ചാരം മാറ്റിയ ശേഷം പാതിവെന്ത നിലയിലുള്ള മനുഷ്യ മാംസം കഴിക്കുന്ന മുരുഗേഷനെയാണ് കണ്ടത്. ഇയാളുടെ കയ്യില്‍ മാംസം അറുത്തെടുക്കാനായി ഒരു അരിവാളുമുണ്ടായിരുന്നു.

ശ്മശാനത്തിലെ ജോലിക്കാരനായിരിക്കുമെന്നാണ് ഇവര്‍ ആദ്യം കരുതിയത്. ഇതോടെ ബഹളം വച്ച ആളുകള്‍ മുരുഗേഷനെ കല്ലെടുത്തെറിഞ്ഞു. എന്നാല്‍, ഇയാള്‍ അവിടെ നിന്ന് പോയില്ല. തങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ ബോധം കെട്ട നിലയിലായിരുന്നു മുരുഗേഷനെന്നും പൊലീസ് പറഞ്ഞു.