മണാലിയിൽ കുടുങ്ങിയ മലയാളികൾ സുരക്ഷിതരെന്ന് മുഖ്യമന്ത്രി

ഷിംല കനത്ത മഴ​ തുടരുന്ന​ ഹിമാചൽ പ്രദേശിലെ മണാലിയിൽ മണ്ണിടിച്ചിലിനെ തുടർന്ന്​​ കുടുങ്ങി മലയാളികൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾ സുരക്ഷിതരെന്ന് മുഖ്യമന്ത്രി പിണറായിവിജൻ. പാലക്കാട് നിന്നുള്ള 30 പേരും തിരുവനന്തപുരത്ത് നിന്നുള്ള 13 പേരുമടക്കം 43 വിനോദ സഞ്ചാരികളാണ് കുടുങ്ങി കിടക്കുന്നത്. ഇവർ കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതായാണ്​ വിവരം.

മലയാളികളെ രക്ഷപ്പെടുത്താൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഹിമാചൽ മുഖ്യമന്ത്രിയെ വിളിച്ചിരുന്നു.രണ്ടു ദിവസമായി ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുകയാണ്​. റോഡുകളും പാലങ്ങളും ഒലിച്ചു പോയതോടെ മണാലി ഒറ്റപ്പെട്ട അവസ്​ഥയിലാണ്​. വാഹനങ്ങളും ഒലിച്ചു പോയിട്ടുണ്ട്​. ഹിമാചൽപ്രദേശിലെ 12 ജില്ലകളിൽ സ്​കൂളുകൾക്ക്​ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്​.റോഡുകൾ തകർന്നതും പ്രതികൂല കാലാവസ്ഥയുമാണ് ഇവരുടെ മടക്കയാത്രക്ക് തടസം. കൂടുതൽ മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി ലേഹ് ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്.

Loading...

കനത്ത മഴയിൽ രണ്ടു പേരാണ് ഹിമാചൽ പ്രദേശിൽ മരിച്ചത്. രണ്ടു പേരെ കാണാതായി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കിന്നോർ, ചമ്പാ ജില്ലകളിൽ ഗതാഗതം തടസപ്പെട്ടു. ഒറ്റപ്പെട്ട പോയ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം വ്യോമസേന തുടരുകയാണ്. പ്രധാന നനദികളും കരകവിഞ്ഞ് ഒഴുകുകയാണ്. സിർമൗറിൽ നേരിയ ഭൂചലനവുമുണ്ടായി.ഷിംല, സിർമൗർ, കാൻഗ്ര, കുളു, ചമ്പ, കിന്നൗർ, സൊലാൻ, ഹാമിർപുർ, മാണ്ഡി തുടങ്ങിയ ജില്ലകളിൽ സർക്കാർ-സ്വകാര്യ സ്​കൂളുകൾക്കും കോളജുകൾക്കും ​പ്രഫഷണൽ കോളജുകൾക്കും ജില്ലാ ഭരണകൂടം അവധി നൽകിയിട്ടുണ്ട്​​.