മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റുകളില്‍ നിന്ന് കണ്ടെടുത്തത് മോഷ്ടിച്ച ആയുധങ്ങള്‍

പാലക്കാട്: മഞ്ചിക്കണ്ടിയില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്തത് മോഷ്ടിച്ച ആയുധങ്ങള്‍. ക്രൈംബ്രാഞ്ച് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് മോഷ്ടിച്ച തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളാണ് ഇവരില്‍ നിന്നും കണ്ടെടുത്തിരുന്നത്.ഡീഷയിലെ കോരാപുട്ട്, ഛത്തീസ്ഗഡിലെ രോംഗ്‍പാൽ സ്റ്റേഷനുകളിൽ നിന്നും മോഷ്ടിച്ച തോക്കുകളുമായാണ് മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടിയതെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

മഞ്ചക്കണ്ടി ഏറ്റുമുട്ടിലിൽ മാവോയിസ്റ്റുകളിൽ നിന്ന് ഒരു എകെ-47 തോക്കും, ഒരു .303 തോക്കും, നാടൻ തോക്കുകൾ ഉള്‍പ്പെടെ ഏഴ് ആയുധങ്ങളും നൂറ് റൗണ്ട് വെടിയുണ്ടകളും പിടിച്ചെടുത്തിരുന്നു. കൊല്ലപ്പെട്ട മണിവാസകത്തിൻ്റെ കൈവശം ഉണ്ടായിരുന്ന എകെ-47 ഛത്തീസ്ഗഡിൽ പോലീസിനെ ആക്രമിച്ച് കൈവശപ്പെടുത്തിയ തോക്ക് ആണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.

Loading...

മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളും സംഭവ സ്ഥലത്ത് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചു ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ നിന്നു കവര്‍ന്ന തോക്കുകളാണെന്ന് സ്ഥിരീകരിച്ചത്. 2019 ഒക്ടോബര്‍ 28 നാണ് പാലക്കാട്ടെ മഞ്ചക്കണ്ടിയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയത്.

മഞ്ചക്കണ്ടി വനത്തിൽ പെട്രോളിങ് നടത്തിയ തണ്ടര്‍ബോൾട്ട് സംഘത്തിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തുവെന്നാണ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പോലീസിന്റെ വിശദീകരണം. സംഭവത്തിൽ മാവോയിസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്ന മണിവാസകം, അരവിന്ദ്, രമ, കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മഞ്ചക്കണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

പിടിച്ചെടുത്ത ആയുധങ്ങളുടെ വിവരങ്ങള്‍ രാജ്യത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്ക് ക്രൈംബ്രാഞ്ച് അയച്ചുനല്‍കിയിരുന്നു. ഇതിന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ആയുധങ്ങൾ മോഷ്ടിച്ചവയാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 2004 മുതല്‍ 2014 വരെ രാജ്യത്തിന്റെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് മോഷണം പോയവയാണ് ഈ ആയുധങ്ങളെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

2004ല്‍ ആയിരക്കണക്കിന് നക്‌സലേറ്റുകള്‍ ഒഡീഷയിലെ വിവിധ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചിരുന്നു. ഇവിടെ നിന്നും കൈക്കലാക്കിയതാണ് ഭൂരിഭാഗം ആയുധങ്ങളും. 2014ല്‍ ചത്തീസ്ഗഢില്‍ നടത്തിയ ആക്രമണത്തിനിടയില്‍ മാവോയിസ്റ്റുകല്‍ കവര്‍ച്ച നടത്തിയ ആയുധനങ്ങളും പിടിച്ചെടുത്തവയിൽ പെടുന്നു എന്നാണ് റിപ്പോർട്ട്.

അതേസമയം അഗളിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ കീഴടങ്ങാൻ വന്നവരല്ലെന്നും തണ്ടർ ബോൾട്ട് സേന വനത്തിനുള്ളിൽ പ്രവേശിച്ചപ്പോൾ ആദ്യം വെടിയുതിർത്തത് അവരാണെന്നും ജില്ലാ പോലീസ് മേധാവി ശിവവിക്രം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു എ.കെ 47, 40,​700 രൂപ, മൂന്ന് 303 വിഭാഗം റൈഫിളുകൾ, മൂന്ന് നാടൻ തോക്കുകൾ, ലാപ്ടോപ്പുകളും ടാബും, മൊബൈൽ, റേഡിയോ, നെറ്റ്സെറ്റർ, പെൻഡ്രൈവുകൾ, അരിവാൾ ചുറ്റികയ്ക്ക് കുറുകെ തോക്കിന്റെ ചിഹ്നമുള്ള കൊടി,​ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളുമായിരുന്നു മാവോയിസ്റ്റ് ക്യാംപിൽ കണ്ടെത്തിയരുന്നത്.