മംഗലാം കുന്ന് തറവാട്ടിലെ ഗജവീരന്‍മാരില്‍ തലപ്പൊക്കത്തില്‍ പെരുമ കേട്ട കര്‍ണ്ണന്‍ ചെരിഞ്ഞു. പുലര്‍ച്ചയോടെയാണ് ചെരിഞ്ഞത്. 65 വയസ്സുള്ള കര്‍ണ്ണന് പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ദിവസങ്ങളായി തീറ്റയെടുക്കുന്നത് കുറവായിരുന്നു. ബീഹാറിലെ ചാപ്രയില്‍ നിന്ന് 1989ലാണ് കര്‍ണ്ണന്‍ കേരളത്തിലെത്തുന്നത്. നാണു എഴുത്തച്ഛന്‍ ഗ്രൂപ്പാണ് കര്‍ണ്ണനെ സ്വന്തമാക്കിയത്. പിന്നീട് പത്ത് വര്‍ഷക്കാലം മനിശ്ശേരി ഹരിയുടെ ഉടമസ്ഥതയിലായിരുന്നപ്പോള്‍ മനിശ്ശേരി കര്‍ണ്ണനെന്നറിയപ്പെട്ടു.
2000ത്തില്‍ മംഗലാംകുന്നിലെത്തിയതോടെ മംഗലാംകുന്ന് കര്‍ണ്ണനായി. വടക്കന്‍ പരവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണേശ ക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി 9 വര്‍ഷം വിജയിയായ കര്‍ണ്ണന്‍ ഇത്തിത്താനം ഗജമേളയിലും വിജയിച്ചിട്ടുണ്ട്. എഴുന്നള്ളത്ത് തുടങ്ങിയാല്‍ തിടന്പിറക്കുന്നതു വരെ ആത്മവിശ്വാസത്തോടെയുള്ള പ്രൗഢമായ നില്‍പ് കര്‍ണ്ണനെ വേറിട്ടു നിര്‍ത്തിയിരുന്നു. 302 സെന്റി മീറ്റര്‍ ഉയരമുള്ള കര്‍ണ്ണനെ ഉടല്‍ നീളം കൊണ്ട് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുമായിരുന്നു. ആരാധകരേറെയുള്ള കര്‍ണ്ണന്‍ നരസിംഹമുള്‍പ്പെടെ നിരവധി സിനിമകളിലും പരസ്യ ചിത്രങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രസിദ്ധമായ പൂരങ്ങളിലും ഉത്സവങ്ങളിലും പതിവ് സാന്നിധ്യമായിരുന്ന കര്‍ണ്ണന്റെ അപ്രതീക്ഷിത വേര്‍പാട് ആനപ്രേമികള്‍ക്ക് ദുഃഖത്തിലാഴ്ത്തുന്നു.