മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി

കോഴിക്കോട്  :  മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച കോഴിക്കോട്ടുകാരന്‍ നൗഷാദിന്റെ ഭാര്യയ്ക്ക് ജോലി നല്‍കി സര്‍ക്കാര്‍. നൗഷാദിന്റെ ഭാര്യ സഫറീനയ്ക്ക് സര്‍ക്കാര്‍ കളക്ടറേറ്റില്‍ ജോലി നല്‍കിയെന്ന് സിപിഎം പാര്‍ട്ടി പത്രമായ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

റവന്യൂ വകുപ്പിലെ തപാല്‍ സെക്ഷനിലാണ് സഫറീനയ്ക്ക് ജോലി ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെയാണ് സഫറീന ജോലിയില്‍ പ്രവേശിച്ചത്. നൗഷാദിന്റെ മരണശേഷം ഒരു വര്‍ഷത്തോളം വീട്ടില്‍ വെറുതേയിരുന്ന ശേഷമാണ് സഫറീന ജോലിക്കെത്തുന്നത്.

സര്‍ക്കാരിന്റെ തീരുമാനത്തിന് സഫറീന നന്ദി പറയുന്നു. കളക്ടറേറ്റിലേക്ക് കത്തുകളെത്തുന്ന സെക്ഷനിലാണ് സഫറീനയുടെ ജോലി. കത്തുകള്‍ വേര്‍തിരിച്ച് ഓരോ ഓഫീസിലേക്കും മാറ്റുന്ന ജോലിയായിരുന്നു ആദ്യദിനമെന്ന് സഫറീന പറയുന്നു.

സര്‍ക്കാരിന്റെ ഈ തീരുമാനം മകളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നതായി സഫറീനയുടെ പിതാവ് ഹംസക്കോയ പറയുന്നു. ജീവനുള്ളിടത്തോളം ഈ സര്‍ക്കാരിനെ മറക്കില്ലെന്നും ഹംസക്കോയ പറഞ്ഞു.