പ്രതികള്‍ക്ക് മണിച്ചനോട് മുന്‍വൈരാഗ്യം, മണിച്ചന്റെ കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ പാട്ട്

വഴയിലയിൽ മണിച്ചന്റെ കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ പാട്ടിനെ ചൊല്ലിയുണ്ടായ തർക്കമാണെന്ന് റിപ്പോർട്ട്. മണിച്ചനെ കൊലപ്പെടുത്തിയത് ചുറ്റികകൊണ്ട് തലക്കടിച്ചാണ് പ്രതികൾക്ക് മണിച്ചനുമായി മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ആറ് മാസം മുമ്പ് പ്രതികളും മണിച്ചനും തമ്മിൽ തർക്കമുണ്ടായിരുന്നു. മുൻപ് ഉണ്ടായിരുന്ന വഴക്ക് പരിഹരിക്കാൻ ഒരുമിച്ച് കൂടിയതായിരുന്നു പ്രതികൾ. തുടർന്ന് പാട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മണിച്ചനേയും ഹരികുമാറിനേയും പ്രതികൾ മർദിക്കുകയായിരുന്നു. മദ്യപാനത്തിനിടെ മണിച്ചൽ പ്രശ്നമുണ്ടാക്കിയാൽ ആക്രമിക്കാനായി പ്രതികൾ ചുറ്റിക കയ്യിൽ കരുതിയിരുന്നു. ഈ ചുറ്റിക ഉപയോ​ഗിച്ച് തലയ്ക്കടിച്ചാണ് മണിച്ചനെ കൊലപ്പെടുത്തിയത്. പ്രതി ദീപക് ഡ്രൈവറാണ്. അരുൺ വെൽഡിങ് തൊഴിലാളിയാണ്.

ഇന്നലെ രാത്രിയാണ് സംഭവം നടക്കുന്നത്. ആറാംകല്ലിലെ ആരാമം ലോഡ്ജില്‍ നാലുപേര്‍ മുറിയെടുത്ത് മദ്യപിക്കുകയായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടാകുകയും ഇത് അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന ദീപക്കിന്റേയും അരുണിന്റേയും ആക്രമണത്തില്‍ പരുക്കേറ്റ മണിച്ചനേയും ഹരികുമാറിനേയും ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെ മണിച്ചന്‍ മരിക്കുകയായിരുന്നു.

Loading...

2011ലെ ഒരു ഇരട്ടകൊലപാതക കേസ് പ്രതിയാണ് മണിച്ചന്‍. നാലുപേരും ലോഡ്ജിലേക്ക് കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹരികുമാറിന്റെ നില ഗുരുതരമായി തുടരുകയാണ്.