എന്നെ പിന്തുടരുത്, ഞാനൊരു മയക്കുമരുന്ന് സംഘാംഗം; മയക്കുമരുന്നു വേട്ടയുടെ പേരില്‍ ഫിലിപ്പീന്‍സില്‍ ചോരപ്പുഴ

മനില: തെരുവില്‍ ഒരു യുവാവ് ചോരയില്‍ കുളിച്ച് കിടക്കുന്നു. അരികില്‍ ഒരു നോട്ടീസ്. ‘എന്നെ പിന്തുടരുത്, ഞാനൊരു മയക്കുമരുന്ന് സംഘാംഗം. എന്റെ വീട് ഒരു മയക്കുമരുന്ന് സങ്കേതം’. ഫിലിപ്പീന്‍സില്‍ ഇപ്പോള്‍ പതിവു കാഴ്ചയാണ് ഇത്തരം കൊലപാതകങ്ങള്‍. രാജ്യത്തെ മയക്കുമരുന്ന് ശൃംഖലയ്ക്ക് എതിരെ എന്ന പേരില്‍ പ്രസിഡന്റ് റോഡ്രിഗോ ദ്യുതെര്‍തെ ആരംഭിച്ചതാണ് ഈ അരുംകൊലകള്‍.  മയക്കു മരുന്ന് കച്ചവടക്കാര്‍, സഹായിക്കുന്ന ഉദ്യോഗസ്ഥര്‍, മയക്കുമരുന്ന് ഉപയോക്താക്കള്‍ എന്നിവരെ കൊന്നൊടുക്കാനാണ് പ്രസിഡന്റ് ഉത്തരവ് പുറപ്പെടുവിച്ചത്. പൊലീസ് ഉദ്യോഗസ്ഥരും സ്വകാര്യ സായുധ സംഘങ്ങളുമാണ് പ്രസിഡന്റിന്റെ ഉത്തരവ് പാലിക്കാന്‍ ആയുധങ്ങളുമായി ഇറങ്ങിയത്. പദ്ധതി തുടങ്ങി ഇതിനകം 500 ലേറെ പേരെ അരുംകൊല നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസവും അഞ്ച് പേരെ പൊലീസ് വെടിവെച്ചു കൊന്നു. ഒരു ലക്ഷത്തോളം പേര്‍ കീഴടങ്ങിയതായാണ് കണക്ക്. മയക്കു മരുന്ന് മാഫിയയുടെ സംരക്ഷകര്‍ എന്നാരോപിച്ച് അഞ്ച് സൈനിക ജനറല്‍മാര്‍ക്കെതിരെ ഈയിടെ പ്രസിഡന്റ് രംഗത്തുവന്നിരുന്നു. അല്‍ബുവേറാ മേയര്‍, മകന്‍ എന്നിവരോട് 24 മണിക്കൂറിനകം കീഴടങ്ങാനും പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍, വെടിവെച്ചു കൊല്ലാനും അദ്ദേഹം ഉത്തരവിട്ടു.

അധികാരമേറ്റ ശേഷം, ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രഭാഷണത്തില്‍, ഈ അരുംകൊലകള്‍ക്കെതിരായ പ്രതിഷേധത്തെ പ്രസിഡന്റ് തള്ളിക്കളഞ്ഞു. രാജ്യം മയക്കുമരുന്നിന്റെ പിടിയിലാണെന്നും എന്തു വില കൊടുത്തും ഈ ഭീഷണി ഇല്ലാതാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. അവസാന മയക്കുമരുന്ന് മാഫിയാ നേതാവും സംഘാംഗങ്ങളും സഹായികളും കീഴടങ്ങുകയോ  ജയിലഴികള്‍ക്കുള്ളിലാവുകയോ ഇല്ലാതാവുകയോ ചെയ്യുന്നതുവരെ പോരാട്ടം തുടരുമെന്നും പ്രസിഡന്റ് പറഞ്ഞു. മയക്കുമരുന്ന് വില്‍ക്കുന്നവരും ഉപയോഗിക്കുന്നവരുമായ ഒരു ലക്ഷം പേരെയെങ്കിലും ഇല്ലാതാക്കി രാജ്യം ശുദ്ധീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രസിഡന്റ് ഉറപ്പു നല്‍കിയിരുന്നു. കൊലപാതകങ്ങളുടെ പേരില്‍ എന്ത് നിയമപ്രശ്‌നം വന്നാലും പൊലീസുകാരെയും ജാഗ്രതാ സംഘങ്ങളെയും സംരക്ഷിക്കുമെന്ന് പ്രസിഡന്റും അദ്ദേഹത്തിന്റെ നിയമ ഉപദേഷ്ടാവും അറിയിച്ചു. രാജ്യത്ത് വ്യാപകമായി നടക്കുന്ന കൂട്ടക്കൊലകള്‍ക്കെതിരൊ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. രാജ്യം അതിവേഗം അരാജകത്വത്തിലേക്ക് പോവുമെന്നും വിമര്‍ശനമുണ്ട്.