മഞ്ജു അമേരിക്കന്‍ യാത്ര മാറ്റിവച്ചത് പൊലീസ് പറഞ്ഞിട്ടല്ല ; ആ കാരണം ഇതാണ്‌

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത് പ്രകാരം നടി മഞ്ജു വാര്യര്‍ അമേരിക്കന്‍ യാത്ര മാറ്റിവച്ചെന്ന വാര്‍ത്ത തെറ്റെന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍. കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ചിത്രീകരണം അവാര്‍ഡ് നിശയുടെ അതേ ദിവസങ്ങളില്‍ ആയതിനാല്‍ ന്യൂയോര്‍ക്കില്‍ ജൂലൈ 22ന് നടക്കുന്ന നാഫാ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനാകില്ലെന്ന് ഒരു മാസം മുമ്പ് തന്നെ മഞ്ജു സംഘാടകരെ അറിയിച്ചിരുന്നു.

എറണാകുളത്തും ഫോര്‍ട്ട് കൊച്ചിയിലുമായി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ആമിയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തിരക്കിട്ട ഷെഡ്യൂള്‍ ആയതിനാല്‍ ചിത്രീകരണത്തില്‍ നിന്ന് താരത്തിന് വിട്ടുനില്‍ക്കാനാകില്ല.

Loading...

മോഹന്‍ലാല്‍, ഉദാഹരണം സുജാതാ എന്നീ സിനിമകളും ഇതിനിടെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഷിക്കാഗോയിലും ന്യൂയോര്‍ക്കിലുമായുള്ള രണ്ട് അവാര്‍ഡ് ചടങ്ങുകള്‍ മഞ്ജു ഉപേക്ഷിച്ചതെന്ന് താരവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

നടി ആക്രമിച്ച കേസ് നിര്‍ണായക വഴിത്തിരിവിലെത്തിയതിനാല്‍ മഞ്ജു വാര്യരുടെ വിദേശ യാത്ര പ്രത്യേക അന്വേഷണ സംഘം ഇടപെട്ട് ഒഴിവാക്കിയെന്നായിരുന്നു ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. യാത്രാ നിയന്ത്രണത്തെക്കുറിച്ച് വാക്കാലോ നോട്ടീസ് മുഖേനയോ എന്തെങ്കിലും വിവരങ്ങള്‍ അന്വേഷണ സംഘം മഞ്ജുവിന് നല്‍കിയിട്ടില്ലെന്നും ഇവരുമായി അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം കുറ്റപത്രത്തില്‍ മഞ്ജു വാര്യരെ സാക്ഷിയാക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘത്തിലുള്ള ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ്ജ് നിഷേധിച്ചു. നടികള്‍ ആരും സാക്ഷിപ്പട്ടികയില്‍ ഇല്ലെന്നാണ് എസ് പി നല്‍കിയ വിശദീകരണം.