എല്ലാവരും സുരക്ഷിതര്‍: ഹിമാചലില്‍ അകപ്പെട്ട മഞ്ജുവാര്യരെയും സംഘത്തെയും രക്ഷപെടുത്തി

കനത്ത മഴയും മണ്ണിടിച്ചലും കാരണം ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ കുടുങ്ങിയ മഞ്ജുവാര്യരേയും ഷൂട്ടിങ് സംഘത്തെയും രക്ഷപ്പെടുത്തി. ഇവര്‍ മണാലിയിലേക്ക് യാത്ര തിരിച്ചതായി കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫീസ് അറിയിച്ചു.

ബേസ് ക്യാംപായ കൊക്‌സാറിലേക്ക് സിനിമാ സംഘത്തെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും വി മുരളീധരന്‍ അറിയിച്ചു. സംഘം കുടുങ്ങി കിടക്കുന്ന സ്ഥനത്ത് നിന്ന് ഇരുപത്തിരണ്ട് കിലോമീറ്റര്‍ അകലെയാണ് ഈ ക്യാംപ്. അതേസമയം ഷൂട്ടിങ് സംഘത്തിന് ജില്ലാ കളക്ടര്‍ ആവശ്യമായ ഭക്ഷണങ്ങളും നടന്നുവരാന്‍ സാധിക്കാത്തവര്‍ക്കുള്ള സ്‌ട്രെക്ച്ചറും രക്ഷാപ്രവര്‍ത്തനത്തിനുള്ള ടീമിന് നല്‍കിയിട്ടുണ്ട്. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ ഇല്ലാത്ത സ്ഥലത്താണ് സംഘം ഉള്ളതെന്നും ബേസ് ക്യാംപിലെത്തിയതിന് ശേഷം മാത്രമേ അവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്നും വി മുരളീധരന്‍ പറഞ്ഞു.

Loading...

സനല്‍കുമാര്‍ ശശിധരന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായിട്ടാണ് താരം ഹിമാചലില്‍ പോയത്. ഇന്നലെ രാത്രി മഞ്ജു സഹോദരനെ വിളിച്ചു കാര്യം പറഞ്ഞപ്പോഴാണ് കുടുങ്ങി കിടക്കുന്ന കാര്യം പുറംലോകം അറിയുന്നത്.