സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരുക്ക്

ഹരിപ്പാട്: നടി മഞ്ജു വാര്യര്‍ക്ക് സിനിമ ചിത്രീകരണത്തിനിടെ പരുക്ക്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഞ്ജുവിന് പരുക്ക് പറ്റിയത്. താരത്തിന് നിസാര പരുക്ക് മാത്രമേ ഉള്ളുവെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. നെറ്റിയില്‍ പരുക്ക് പറ്റിയ മഞ്ജുവിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. ഹരിപ്പാട് നടന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു താരത്തിന് പരുക്ക് പറ്റിയത്.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ജാക്ക് ആന്റ് ജില്‍. ഛായാഗ്രഹണവും അദ്ദേഹം തന്നെയാണ് നിര്‍വഹിക്കുന്നത്. മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്.

ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന മുഴുനീള എന്റര്‍ടെയിനറാണ് ജാക്ക് ആന്റ് ജില്‍. സന്തോഷ് ശിവനും മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയില്‍ ഏറെ പ്രതീക്ഷ നല്‍കുന്നു. മഞ്ജു വാര്യര്‍ക്കും കാളിദാസ് ജയറാമിനുമൊപ്പം ഏറെ ശ്രദ്ധേയമായ വേഷത്തിലാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്.

Top