റബ്ബര്‍ തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം, 60-കാരന്‍ പിടിയിൽ

കോലഞ്ചേരി: റബ്ബര്‍ തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ രായമംഗലം കീഴില്ലം വട്ടപ്പറമ്പില്‍ സാജു പൗലോസിനെ (60) കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. നെല്ലാട് വീട്ടൂര്‍ പുന്നോപ്പടി റോഡില്‍ വനാതിര്‍ത്തിയിലെ റബ്ബര്‍ തോട്ടത്തില്‍ ശനിയാഴ്ച രാവിലെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

കുന്നക്കുരുടി പൂണിയറ എല്‍ദോസ് (42) ആണ് കൊല്ലപ്പെട്ടത്. വിഷം കഴിച്ചുള്ള ആത്മഹത്യയാണെന്നാണ് നാട്ടുകാര്‍ കരുതിയത്.മൃതദേഹ പരിശോധനയില്‍ തലയ്ക്ക് പിന്നില്‍ മുറിവു കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. എല്‍ദോസിന്റെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതി പിടിയിലായത്.

Loading...

ഡ്രൈവറായ എല്‍ദോസും സാജു പൗലോസുമായുണ്ടായ സാമ്പത്തിക ഇടപാടും ഇതേ തുടർന്നുള്ള തർക്കവുമാണ് കൊലപാതകത്തിൽ എത്തിയത്. ഇതേച്ചൊല്ലിയുള്ള തർക്കത്തിനിടെ ഉന്തുംതള്ളുമുണ്ടായതിനെ തുടര്‍ന്ന് സാജു കല്ലും വടിയും ഉപയോഗിച്ച് എല്‍ദോസിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഒളിവില്‍ പോയ സാജുവിനെ ഒക്കലില്‍ നിന്നാണ് പിടികൂടിയത്.