മാവോയിസ്റ്റ് ബന്ധമെന്ന് സംശയം… സംസ്ഥാനത്തെ 16 മനുഷ്യാവകാശ സംഘടനകള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍

മാവോയിസ്റ്റ് ഭീഷണി സംസ്ഥാനത്ത് വ്യാപകമാണെന്ന നിഗമനത്തില്‍ 16 മനുഷ്യാവകാശ സംഘടനകള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍. ഇതില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന പിപ്പീള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടനയും ഉള്‍പ്പെടുന്നു.

സര്‍ഫാസി നിയമത്തിന്റെ പേരില്‍ പീഡിപ്പിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ഫേസി വിരുദ്ധ ജനകീയ സമിതിയും രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.

Loading...

റവല്യൂഷണറി ഡെമോക്രാറ്റിക്ക് ഫ്രണ്ട്, പോരാട്ടം, ആദിവാസി വിമോചന മുന്നണി, ജനകീയ വിമോചന മുന്നണി, കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രസണേഴ്‌സ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം റാഡിക്കല്‍ മാസ് മൂവ്‌മെന്റ് , ഫാസിസ്റ്റ് വിരുദ്ധ മുന്നണി, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യുമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍, വ്യാജ ഏറ്റുമുട്ടല്‍ വിരുദ്ധ പ്രസ്ഥാനം, ബ്ലേഡ് വിരുദ്ധമുന്നണി, ഡെമോക്രാറ്റിക്ക് യൂത്ത് മുന്നണി, റവല്യൂഷണറി പിപ്പീള്‍സ് ഫ്രണ്ട്, രാഷ്ട്രീയ സൈനിക അടിച്ചമര്‍ത്തലിനെനെതിരെ ജനകീയ പ്രതിരോധം എന്നീ സംഘടനകളാണ് നിരീക്ഷണത്തിലെന്നാണ് റിപ്പോര്‍ട്ട്.

മാവോയിസ്റ്റ് ആശയങ്ങള്‍ പ്രചരിക്കുന്ന ഇവർ സംഘടനകളായിട്ടാണ് ഈ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ആരോപിച്ചാണ് നിരീക്ഷണം. കേന്ദ്ര സംസ്ഥാന രഹസ്യാനേഷണ ഏജന്‍സികളാണ് ഈ സംഘടനകളെ നിരീക്ഷിക്കുന്നത്.

കേരളത്തില്‍ മാവോയിസ്റ്റ് ഭീഷണി വ്യാപകമാണെന്നാണ് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയത്. കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ മാവോയിസ്റ്റ് ഭീഷണി വ്യാപകമാണെന്നായിരുന്നു സര്‍ക്കാരിന്റെ ഭാഷ്യം.

മുകളില്‍ സൂചിപ്പിച്ച സംഘടനകളില്‍ പലതും പൊതു പ്രവര്‍ത്തനങ്ങളില്‍ സജീവമായ സംഘടനകളാണ്.

രാജ്യത്തെ തന്നെ ഏറ്റവും പ്രമുഖമായ മനുഷ്യാവകാശ സംഘടനയാണ് പിയുസിഎല്‍. ജയപ്രകാശ് നാരായണ്‍ സ്ഥാപിച്ച ഈ സംഘടനയ്ക്ക് ജസ്റ്റിസ് വി എം താര്‍ക്കുണ്ടെയെപോലുള്ള ന്യായധിപരും നേതൃത്വം നല്‍കിയിരുന്നു.

ബാങ്കുകളുടെ വായ്പ വീണ്ടെടുക്കലിനുള്ള സര്‍ഫാസി നിയമത്തിനെതിരെ കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ സമരത്തിൽ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനായാണ് സര്‍ഫാസി വിരുദ്ധ മുന്നണി.

ഇതുപോലെ മുകളില്‍ ഉള്‍പ്പെട്ട പല സംഘടനകളും വിവിധ വിഷയങ്ങളില്‍ പരസ്യമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമാണ്. എന്നാല്‍ കേരളത്തില്‍ ഈ സംഘടനകളുടെ മറവില്‍ തീവ്രവാദ രാഷ്ട്രീയം പ്രചരിപ്പിക്കുന്നുവെന്ന സംശയമാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്.

മഞ്ചങ്കണ്ടിയില്‍ നാല് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ കൊലപെടുത്തിയതിനെതിരെ ഈ സംഘടനകളില്‍ പലതും രംഗത്ത് വന്നിരുന്നു.കോഴിക്കോട് രണ്ട് യുവാക്കളെ യു എ പി എ നിയമം ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയും പരസ്യ നിലപാട് സ്വീകരിച്ച സംഘടനകളാണ് ഇതില്‍ പലതും.

ഇതിനിടെ അറസ്റ്റിലായ അലനും താഹയും അംഗങ്ങളെന്ന് ആരോപണമുയർന്ന ‘അർബൻ മാവോയിസ്റ്റ്’ സംഘത്തെക്കുറിച്ച് കൂടുതൽ അന്വേഷണവുമായി മുന്നോട്ടു പോകുകയാണ് പൊലീസ്. പശ്ചിമഘട്ട മാവോയിസ്റ്റ് സ്പെഷ്യൽ സോൺ കമ്മിറ്റിയുമായി ബന്ധമുള്ള സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരുമെന്ന് പൊലീസ് പറയുന്നു. പശ്ചിമഘട്ട കമ്മിറ്റിയുമായി വാട്സാപ്പിലും ടെലഗ്രാമിലും ഇവർ ബന്ധപ്പെടാറുണ്ടെന്നും ഇത് ഒന്നര മാസത്തെ രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയതാണെന്നും പൊലീസ് പറയുന്നു.

വെള്ളിയാഴ്ച രാത്രിയാണ് സി.പി.എം അംഗങ്ങളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന പൊലീസ് നടപടിയെ വിമർശിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.