നേതാവാകാൻ ആഗ്രഹിക്കുന്നവർ ദാസനെപ്പോലെയാകണമെന്ന് : മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

കൊച്ചി: നേതാവാകാൻ ആഗ്രഹിക്കുന്നവർ ദാസനെപ്പോലെയാകണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ആലുവ കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെയും ഭാരതത്തിലെയും സഭയ്ക്ക് അഭിമാനിക്കാനാവുന്ന നേട്ടങ്ങളാണ് കാർമൽഗിരി നൽകിയിട്ടുള്ളത്. കർമലീത്ത മിഷനറിമാർ സഭയിലും സമൂഹത്തിലും ചെലുത്തിയിട്ടുള്ള സ്വാധീനം വിസ്മരിക്കാനാവില്ല. 60 വർഷങ്ങൾ പൂർത്തിയാക്കിയ കാർമൽഗിരി സെമിനാരിയെ വളർത്തുകയും ഇവിടെ പരിശീലനം നടത്തുകയും ചെയ്തവരെ നന്ദിയോടെ സ്മരിക്കുന്ന അവസരമാണ് ജൂബിലിവേളയെന്ന് അദ്ദേഹം പറഞ്ഞു.

Loading...

കേരളസഭയുടെ വൈദികപരിശീലന മേഖലയിൽ നിസ്തുല സംഭാവന കൾ നൽകിയ കാർമൽഗിരി സെമിനാരി സഭയ്ക്ക് അഭിമാനമാണെന്ന് അപ്പസ്‌തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ഡോ. സാൽവത്തോരെ പെനാക്കിയോ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. കേരള റീജൺ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിൽ ചെയർമാൻ ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യം അധ്യക്ഷത വഹിച്ചു. വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്രീഫെക്ട് കർദിനാൾ ഡോ. ഫെർണാണ്ടോ ഫിലോനിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.

ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, റവ. ഡോ. ജേക്കബ് പ്രസാദ്, റവ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, റവ.ഡോ.ചാക്കോ പുത്തൻപുരയ്ക്കൽ, ഷാജി ജോർജ്, സിസ്റ്റർ ശാന്തി, റവ.ഡോ. ആർ.ബി. ഗ്രിഗറി, റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവർ പ്രസംഗിച്ചു.