നഷ്ടപരിഹാരം തേടി ഫ്‌ളാറ്റ് നിര്‍മാതാക്കളും… മരടിൽ നാടകീയ നീക്കങ്ങൾ

കൊച്ചി: ഉടമകൾക്കുള്ള നഷ്ടപരിഹാരം കൂടി നിർമാതാക്കളിൽ നിന്നും ഈടാക്കണമെന്നിരിക്കെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മരടിലെ ഫ്ളാറ്റ് നിർമാതാക്കളും സുപ്രീം കോടതി നിയോഗിച്ച നഷ്ടപരിഹാര സമിതിയെ സമീപിച്ചു. സുപ്രീം കോടതി പൊളിക്കാൻ നിർദ്ദേശിച്ച ഫ്ളാറ്റ് സമുച്ഛയത്തിൽ തങ്ങൾക്കും ഫ്ളാറ്റുകളുണ്ടെന്ന് അവകാശപ്പെട്ടാണ് നിർമാതാക്കൾ സമിതിയെ സമീപിച്ചത്.

ഗോൾഡൻ കായലോരം കമ്പനിയുടെ ഉടമകളാണ് അപേക്ഷ നൽകിയത്.ഫ്ളാറ്റ് ഉടമകളുടെ നഷ്ടം നികത്തേണ്ട ഫ്ളാറ്റ് നിർമാതാക്കളാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Loading...

സമിതി ഈ അപേക്ഷകൾ പരിശോധിക്കുകയാണ്. ഇത് സംബന്ധിച്ച തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടായേക്കും.

ആദ്യ ഘട്ടത്തിൽ സംസ്ഥാന സർക്കാരിനോടാണ് സുപ്രീം കോടതി ഫ്ളാറ്റ് ഉടമകളുടെ നഷ്ടം നികത്താൻ നിർദേശിച്ചിരിക്കുന്നത്. അതനുസരിച്ചാണ് സംസ്ഥാന സർക്കാർ സമിതിയുടെ നിർദേപ്രകാരം 25 ലക്ഷം രൂപ വീതം ഓരോ ഫ്ളാറ്റ് ഉടമകൾക്കും നൽകുന്നത്.

എന്നാൽ തങ്ങളുടെ മക്കൾക്കും ഈ ഫ്ളാറ്റ് സമുച്ഛയത്തിൽ ഫ്ളാറ്റുകളുണ്ട്. അതുകൊണ്ട് തങ്ങളുടെ നഷ്ടവും നികത്തണം എന്ന ആവശ്യവുമായാണ് നഷ്ടപരിഹാര സമിതിക്ക് മുൻപിൽ രണ്ട് ഫ്ളാറ്റ് ഉടമകൾ അപേക്ഷ നൽകിയിരിക്കുന്നത്. അവരുടെ മകനും മകൾക്കും ഗോൾഡൻ കായലോരം ഫ്ളാറ്റ് സമുച്ഛയത്തിൽ ഫ്ളാറ്റുകളുണ്ടെന്നും അതിൽ നഷ്ടം നികത്തണമെന്നുമാണ് ഇവരുടെ ആവശ്യം.