ഞങ്ങളിനി എങ്ങോട്ട് പോകും… തിരുവോണ നാളില്‍ മരട് ഫ്‌ളാറ്റ് ഉടമകള്‍ പട്ടിണി സമരത്തില്‍

സുപ്രിം കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി അഞ്ചു ദിവസത്തിനുള്ളില്‍ സാധന സാമഗ്രികള്‍ നീക്കം ചെയ്ത് ഒഴിഞ്ഞു പോകുന്നതിനായി മരട് നഗരസഭ നല്‍കിയിരിക്കുന്ന അന്ത്യശാസനം അനുസരിക്കില്ലെന്ന നിലപാടില്‍ ഫ്‌ളാറ്റ് ഉടമകള്‍. സുപ്രീം കോടതി ഉത്തരവിനെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തിരുവോണ നാളായ ഇന്ന് മരട് നഗരസഭയ്ക്കു മുന്നില്‍ പട്ടിണി സമരം നടത്തുകയാണ് ഫ്‌ളാറ്റ് ഉടമകള്‍.

എന്തുവന്നാലും തങ്ങള്‍ ഒഴിയില്ലെന്ന നിലപാടാണ് അഞ്ച് ഫ്‌ളാറ്റുകളിലേയും താമസക്കാര്‍.

Loading...

അതേസമയം പറഞ്ഞ സമയത്തിനുള്ളില്‍ ഒഴിഞ്ഞു പോകാത്തവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് നഗരസഭ സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്ന നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

1994 ലെ കേരള മുന്‍സിപ്പാലിറ്റീസ് ആക്ടും നിലവില്‍ ബാധകമായ മറ്റു നിയമങ്ങള്‍ പ്രകാരവും ഇനിയൊരു അറിയിപ്പ് കൂടാതെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും അതിന് ചെലവാകുന്ന തുക പ്രോസിക്യൂഷന്‍ നേരിടേണ്ടി വരുന്ന വ്യക്തിയില്‍ നിന്നും ഇടാക്കുമെന്നുമാണ് നഗരസഭ നോട്ടീസില്‍ പറയുന്നത്.

കുണ്ടന്നൂര്‍ ഹോളി ഫെയ്ത് എച്ച്ടുഒ, നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്സ് ഇരട്ട ഫ്‌ലാറ്റ് സമുച്ചയം, ഗോള്‍ഡന്‍ കായലോരം, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നിവയിലെ 350-ഓളം വരുന്ന ഫ്ലാറ്റുകളിലെ താമസക്കാര്‍ ഒഴിഞ്ഞുപോകണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

എന്നാല്‍ തങ്ങള്‍ ഈ സമയപരിധി അംഗീകരിക്കില്ലെന്നും ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്നത് കാട്ടുനീതിയാണെന്നുമാണ് ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നത്. പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗം നടത്തി തങ്ങളെ ഒഴിപ്പിക്കുന്നതെങ്കില്‍ അങ്ങനെ ചെയ്‌തോട്ടെ.

ഞങ്ങളെ ജയിലില്‍ അടച്ചില്ലെങ്കില്‍ തിരിച്ച് ഇങ്ങോട്ടു തന്നെ വരുമെന്നും ഇവിടെ പാലത്തിനടിയിലോ റോഡ് അരികിലോ വന്നു കിടക്കുമെന്നും ഫ്‌ളാറ്റ് ഉടമകള്‍ പറയുന്നു. ഈ അനീതി നടക്കുന്നത് കേരളത്തില്‍ ആണെന്നും ലോകം മുഴുവന്‍ ഈ മനുഷ്യാവകാശ ലംഘനം കാണട്ടെയെന്നും ഫ്‌ളാറ്റ് ഉടമകള്‍ വികാരഭരിതരായി പറയുന്നു. തിരുവോണ ദിവസമായ ഇന്ന് തങ്ങള്‍ പട്ടിണി കിടക്കുകയാണെന്ന് അവര്‍ പറയുന്നു.

മുഴുവന്‍ ഫ്ലാറ്റുകളിലെയും താമസക്കാര്‍ പട്ടിണി സമരത്തിനുണ്ട്. ഹൈബി ഈഡന്‍ എം.പി അടക്കം മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളും ഇവര്‍ക്കൊപ്പം സമരത്തിനുണ്ട്.