മരട് കേസ്സില്‍ സിപിഎം നേതാവ് കുടുങ്ങും;അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി സര്‍ക്കാര്‍

മര്ട് ഫ്‌ളാറ്റ് അഴിമതി കേസ്സില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്. കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. പ്രതിസ്ഥാനത്തുള്ളത് സിപിഎം നേതാവായത് കൊണ്ട് ഇതല്ല ഇതിനപ്പുറത്തെ അടവ് പുറത്തെടുക്കും സര്‍ക്കാര്‍. എന്നാല്‍ അഴിമതി ആരോപണത്തിലടക്കം സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോഴാണ് അടുത്ത വിവാദത്തിന് തിരി കൊളുത്തുന്ന നടപടി സ്വീകരിച്ചിരിക്കുന്നത്. ഏതറ്റംവരെ പോയിട്ടായാലും അഴിമതിക്കാരെയൊക്കെ മുഖ്യന്‍ ചിറകിനടിയില്‍ സുരക്ഷിതമാക്കും.

എറണാകുളം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ജോസി ചെറിയാനെയാണ് കൊല്ലം അഡിഷണല്‍ എസ് പി യായി സ്ഥലം മാറ്റിയത്. ഫ്‌ലാറ്റ് അഴിമതി കേസ് അന്വേഷണം അന്തിമ ഘട്ടത്തില്‍ എത്തിയപ്പോഴാണ് സ്ഥാന കയറ്റം നല്‍കി പുതിയ ചുമതല നല്‍കിയത്. എന്നാല്‍ സ്ഥാനക്കയറ്റം ഒരടവ് മാത്രമാണ്. പിടിച്ച് നില്‍ക്കാനുള്ള തന്ത്രം മാത്രം. സിപിഎം നേതാവ് കെഎ ദേവസി അടക്കമുള്ളവരുടെ പങ്കിലാണ് ഇപ്പോള്‍ അന്വേഷണം തുടരുന്നത്. കൊച്ചി ബ്യുട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്, എടയാര്‍ സ്വര്‍ണ കവര്‍ച്ച എന്നീ കേസുകളില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാക്കിയത് ജോസി ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ്. മരട് ഫ്‌ലാറ്റ് അഴിമതി കേസില്‍ ഇതുവരെ ഫ്‌ലാറ്റ് നിര്‍മാതാക്കളായ രണ്ട് പേരും, മുന്‍ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ക്ലര്‍ക്ക് ജയറാം, ജൂനിയര്‍ സൂപ്രണ്ട് പിഇ ജോസഫ് എന്നിവരടക്കം അറസ്റ്റിലായിട്ടുണ്ട്. ഇവരുടെ രഹസ്യ മൊഴിയിലും സിപിഎം നേതാവ് കെഎ ദേവസിയ്‌ക്കെതിരെ തെളിവുകളുണ്ട്. സിപിഎം നേതാവിനുള്ള കുരുക്ക് മുറുകി കഴിഞ്ഞപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെ ധൃതി പിടിച്ച് സ്ഥലം മാറ്റിയിരിക്കുന്നത്.

Loading...

ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടും ദേവസ്സിയെ തൊടാന്‍ പോലും അനുവദിക്കാതെ ചിറകിനടയില്‍ ഒതുക്കുകയായിരുന്നു സര്‍ക്കാര്‍. കേസ്സ് അട്ടിമറിക്കാനുള്ള വലിയ നീക്കം നടക്കുകയാണ് അണിയറയില്‍. ദേവസ്സിക്കെതിരെ വ്യക്തമായ തെളിവുണ്ടായിട്ടും അന്വേഷണം വഴിമുട്ടിക്കുകയായിരുന്നു സര്‍ക്കാര്‍. ലക്ഷ്യം ഒന്ന് മാത്രം കെഎ ദേവസ്സിയെ കേസ്സില്‍ നിന്ന് ഊരി എടുക്കണം എന്നുള്ളതാണ്. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമാണ് ക്രൈംബ്രാഞ്ച് സംഘം മരട് ഫ്‌ളാറ്റ് കേസ്സ് അന്വേഷണം പുരോഗമിക്കുന്നത്. കോടതിയേ പോലും വെല്ലുഴിച്ച് കൊണ്ട് പ്രതിയെ സംരക്ഷിച്ച് ധാര്‍ഷ്ട്യം കാണിക്കുകയാണ് സര്‍ക്കാര്‍. ദേവസ്സിക്കെതിരെ നിര്‍ണ്ണായകമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മൊഴികളും ദേവസ്സിക്ക് എതിരാണ്.

മരടിലെ ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ദേവസി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ദേവസിക്കെതിരെ തെളിവുണ്ടെന്നും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് ഫ്‌ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ പ്രസിഡന്റ് എന്ന നിലയില്‍ അനുമതി നല്‍കിയതെന്നും, സിപിഎം നേതാവുകൂടിയായ പ്രസിഡന്റ് ദേവസി സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അഴിമതി നിരോധന നിയമ പ്രകാരവും പൊലീസ് ആക്ട് പ്രകാരവും കെ എ ദേവസിക്ക് എതിരെ കുറ്റങ്ങള്‍ ചുമത്തണമെന്നും റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു. ചട്ടം ലംഘിച്ചാണ് ഫ്‌ലാറ്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് വ്യക്തമായിട്ടും സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ കെ എ ദേവസിയെ പ്രതിചേര്‍ക്കുന്നത് സര്‍ക്കാര്‍ വൈകിപ്പിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ ആറിനായിരുന്നു ദേവസിയെ പ്രതിചേര്‍ക്കാന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച് സര്‍ക്കാരിനെ സമീപിച്ചത്. എന്നാല്‍ ഇതുവരെയും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഒടുവില്‍ മാസങ്ങള്‍ പിന്നിട്ട ശേഷമാണ് നിര്‍ണായകമായ വിഷയത്തില്‍ സര്‍ക്കാര്‍ ഡിജിപിയോട് നിയമോപദേശം തേടിയത്.

2006 ലാണ് മരടിലെ ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് മരട് പഞ്ചായത്ത് അനുമതി നല്‍കിയത്. അന്ന് പ്രസിഡന്റായിരുന്നു ദേവസിയുടെ ഭരണസമിതിയാണ് അനുമതി നല്‍കിയതെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുക മാത്രമായിരുന്നു താന്‍ ചെയ്തതെന്നും മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷറഫ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. ഐകകണ്‌ഠ്യേനയാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്ന മിനിട്‌സ് കൃതൃമമായി ഉണ്ടാക്കിയതാണെന്ന് 2006 ലെ ഭരണസമിതിയിലെ തന്നെ ചിലര്‍ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പലരുടേയും രഹസ്യമൊഴിയെടുത്തു. ഇതില്‍ നിന്നാണ് ദേവസിക്കെതിരായ ഞെട്ടിക്കുന്ന വ്യക്തമായ തെളിവുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയത്. തുടര്‍ന്ന് കണ്ടെത്തലുകളും ദേവസിക്കെതിരായ തെളിവുകളും വ്യക്തമാക്കി അന്വേഷണസംഘം ക്രൈം ബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ക്രൈംബ്രാഞ്ച് മേധാവി ദേവസിയെ പ്രതിചേര്‍ക്കുന്നതിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കി. അഴിമതി നിരോധന നിയമപ്രകാരം ഒരു പൊതുപ്രവര്‍ത്തകനെ പ്രതിയാക്കാന്‍ സര്‍ക്കാരില്‍ നിന്നും അനുമതി വേണം എന്നതിനാലാണ് സര്‍ക്കാരിനോട് ക്രൈം ബ്രാഞ്ച് അനുമതി തേടിയത്. കൃത്യമായ തെളിവുണ്ടായിട്ടും അഴിമതിയില്‍ കൃത്യമായ പങ്കുണ്ടെന്ന് വ്യക്തമായിട്ടും സര്‍ക്കാര്‍ സിപിഎം നേതാവിനെതിരെ നടപടിയെടുക്കാന്‍ മടിക്കുകയും വൈകിപ്പിക്കാന്‍ ശ്രമിക്കുകയുമാണെന്നത് വ്യക്തമാണ്.