മരട് ഫ്ളാറ്റ് പൊളിക്കാന്‍ നഗരസഭ; അഞ്ചു ദിവസത്തിനകം ഒഴിയാന്‍ നോട്ടീസ് നല്‍കും

കൊച്ചി: തീരദേശനിയമം ലംഘിച്ചതിന് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് വ്യക്തമാക്കി ഉടമകള്‍ക്ക് നോട്ടിസ് നല്‍കി. അഞ്ചുദിവസത്തിനകം സാധനങ്ങള്‍ നീക്കി ഒഴിഞ്ഞുപോയില്ലെങ്കില്‍ വിചാരണ നേരിടേണ്ടിവരുമെന്നാണ് നഗരസഭയുടെ ഉത്തരവ്.

അതെസമയം പൊളിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞ ജെയ്ന്‍ ഫ്‌ളാറ്റില്‍ നോട്ടീസ് പതിക്കാന്‍ അധികൃതരെത്തിയപ്പോള്‍ ഉടമകള്‍ ഗേറ്റ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. പോലീസെത്തി ഗേറ്റ് തുറപ്പിച്ചാണ് നോട്ടീസ് പതിപ്പിച്ചത്.

Loading...

അതിനിടെ ഫ്‌ളാറ്റ് ഉടമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന രണ്ട് പ്രമേയങ്ങള്‍ ഇന്നുചേര്‍ന്ന നഗരസഭാ കൗണ്‍സിലില്‍ അവതരിപ്പിച്ചു. ഇവ സര്‍ക്കാരിന്‍ അയച്ചുകൊടുക്കും.

നേരത്തെ ഫ്ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് നഗരസഭ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ താത്പര്യമുള്ള ഏജന്‍സികള്‍ ഈ മാസം 16 നകം അപേക്ഷ സമര്‍പ്പിക്കണമെന്നാണ് പരസ്യത്തില്‍ പറയുന്നത്.

നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ധരുടെ പാനല്‍ തയാറാക്കും. എന്നാല്‍ ഫ്ളാറ്റുകളില്‍ നിന്ന് ഇറങ്ങില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഉടമകള്‍.