മരടിലെ ഫ്ലാറ്റുകള്‍ 12 സെക്കന്‍ഡില്‍ നിലംപൊത്തും; മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ സ്ഫോടനം

കൊച്ചി : മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മിച്ച ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് ഇനി കൃത്യം രണ്ട് മാസം മാത്രം. ജനുവരി 11 ന് എച്ച്‌ടു ഒ, ആല്‍ഫ സെറിന്‍ ഫ്‌ലാറ്റുകളും 12 ന് ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റുകളും പൊളിക്കാനാണ് തീരുമാനം. 1600 കിലോ സ്ഫോടകവസ്തുക്കള്‍ ഉപയോ​ഗിച്ച്‌ നിയന്ത്രിത സ്ഫോടനം നടത്തിയാണ് പൊളിക്കല്‍. വെറും 12 സെക്കന്‍ഡുകള്‍ മാത്രമാണ് ഇതിനാവശ്യമായ സമയം.

ആദ്യ ആറ് സെക്കന്‍ഡ് സ്ഫോടക വസ്തുക്കള്‍ ജ്വലിപ്പിക്കാന്‍ വേണ്ട സമയമാണ്. പൊട്ടിത്തുടങ്ങിയാല്‍ തുടര്‍ന്നുള്ള ആറ് സെക്കന്‍ഡില്‍ കെട്ടിടം പൂര്‍ണമായും നിലം പൊത്തും. മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഓരോ നിലകളിലും സ്ഫോടനം നടക്കുക. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്ഫോടകവസ്തുക്കളാണ് ഇതിനായി ഉപയോ​ഗിക്കുക. കെട്ടിട അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കേണ്ട രീതിക്കനുസൃതമായാണ് സ്ഫോടനങ്ങള്‍ നടത്തുക. ഓരോ ഫ്ലാറ്റ് സമുച്ഛയത്തിനും വ്യത്യസ്ത സ്ഫോടന പദ്ധതികളാണ് നടപ്പാക്കുക.

ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി 200 മീറ്റര്‍ ചുറ്റളവിലെ ആളുകളെ ഒഴിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫ്‌ലാറ്റുകള്‍ ഡിസംബറില്‍ പൊളിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാലാണ് പൊളിക്കല്‍ തീയതി നീണ്ടുപോയതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. ജനുവരി ഒമ്ബതിനകം ഫ്‌ലാറ്റുകള്‍ പൊളിക്കണമെന്നായിരുന്നു സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നത്. തീയതി നീണ്ടുപോയ കാര്യവും അതിനുള്ള കാരണവും ചൂണ്ടിക്കാട്ടി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ടും സര്‍ക്കാര്‍ നല്‍കും.

Loading...

തീരദേശ പരിപാലന നിയമം ലംഘിച്ച നിര്‍മ്മിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരടിലെ നാലു വിവാദ ഫ്‌ലാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. പൊളിച്ചുനീക്കുന്ന ഫ്‌ലാറ്റ് ഉടമകള്‍ക്ക് അടിയന്തര സഹായമായി 25 ലക്ഷം രൂപ വീതം നല്‍കണമെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. സര്‍ക്കാര്‍ ഈ തുക ഫ്‌ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കണമെന്നും ഉത്തരവിട്ടിരുന്നു.