മരടിലെ ഫ്‌ളാറ്റുടമകൾക്ക് നഗരസഭ ഇന്ന് നോട്ടീസ് നൽകും

സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടർന്ന് മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നടപടികൾ നഗരസഭ ഊർജിതമാക്കുന്നു. ഇന്ന് രാവിലെ 10.30ന് സ്ഥിതിഗതികൾ വിലയിരുത്താൻ നഗരസഭയുടെ അടിയന്തര കൗൺസിൽ ചേരുന്നുണ്ട്. യോഗത്തിന് ശേഷം താമസക്കാർക്ക് സ്വമേധയാ ഒഴിയാനുള്ള നോട്ടീസ് നൽകുമെന്ന് നഗരസഭ അറിയിച്ചു.

സെപ്റ്റംബർ 20ന് മുമ്പ് ഫ്‌ളാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകാനാണ് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കാൻ നിർദേശിച്ച് മരട് നഗരസഭക്ക് സർക്കാർ നോട്ടീസ് നൽകിയിരന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികൾ സ്വീകരിക്കുന്നത്. ഏകദേശം 30 കോടി രൂപയാണ് ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കാൻ ചെലവ് പ്രതീക്ഷിക്കുന്നത്

സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്ന് ചീഫ് സെക്രട്ടറി  വ്യക്തമാക്കിയിരുന്നു.ഇന്നലെ മരടിലെ ഫ്ളാറ്റുകള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. ജില്ലാ കളക്ടറുമായും മരട് നഗരസഭ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ചീഫ് സെക്രട്ടറി ടോം ജോസിന്റെ പ്രതികരണം. നഗരസഭയുടെ പരിമിതികള്‍ നഗരസഭ അധികൃതര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടത് നഗരസഭയാണെന്നും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവുമുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.