അവശിഷ്ടം വേര്‍തിരിച്ചു തുടങ്ങി, 45 ദിവസത്തിനകം ക്ലീനാകും

മരടിലെ പൊളിച്ച ഫ്ലാറ്റുകളിലെ കെട്ടിടാവശിഷ്ടങ്ങള്‍ 45 ദിവസത്തിനകം നീക്കും. ഇരുമ്പ് വേര്‍തിരിച്ചശേഷമുള്ള കോണ്‍ക്രീറ്റ് അവശിഷ്ടം ആലുവയിലെ പ്രോംപ്റ്റ് എന്റര്‍പ്രൈസസ് കമ്പനിയുടെ കുമ്പളത്തെയും ആലപ്പുഴ ചന്തിരൂരിലെയും ശേഖരണ കേന്ദ്രത്തില്‍ എത്തിക്കും. ആറ് എംഎം, 12 എംഎം വലിപ്പത്തില്‍ അവശിഷ്ടങ്ങള്‍ മാറ്റും.

ഇത് തറയില്‍ വിരിക്കാവുന്ന സിമെന്റ് ബ്ലോക്കുകളോ എംസാന്‍ഡോ ആക്കാനാണ് പദ്ധതിയെന്ന് കമ്പനി പാര്‍ട്ണര്‍ അച്യുത് ജോസഫ് പറഞ്ഞു. സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെയും ലാന്‍ഡ് ട്രിബ്യൂണലിന്റെയും നിര്‍ദേശമനുസരിച്ചാണ് അവശിഷ്ടം മാറ്റുന്നത്. ആദ്യം ഹോളിഫെയ്ത്ത് എച്ച്ടുഒയുടെ അവശിഷ്ടങ്ങളാണ് നീക്കുന്നത്.
35 ലക്ഷം രൂപ നല്‍കിയാണ് പ്രോംപ്റ്റ് കെട്ടിടാവശിഷ്ടം ഏറ്റെടുത്ത് നീക്കുന്നത്. ബുധനാഴ്ച ആദ്യ ലോഡ് കൊണ്ടുപോകും. മൊത്തം 4250 ലോഡുണ്ടാകും. ആല്‍ഫ സെറീന്‍ ഇരട്ട സമുച്ചയങ്ങളില്‍നിന്ന് അവശിഷ്ടം നീക്കുന്നതാണ് ഏറെ ശ്രമകരം.

Loading...

ഈ ഭാഗത്തേക്ക് ഇടുങ്ങിയ റോഡായതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് കടക്കാനാകില്ല. കൂടുതല്‍ വാഹനങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്നത് വായു, ശബ്ദ മലിനീകരണം കൂട്ടും. വാഹനങ്ങളുടെ എണ്ണം, കയറ്റാവുന്ന ഭാരം തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ പൊലീസും നഗരസഭാ അധികൃതരും ചേര്‍ന്ന് തീരുമാനിക്കും.

ആദ്യ കാഴ്ചയില്‍ ശാന്തമെന്ന് തോന്നുമെങ്കിലും ഇരട്ടസ്ഫോടനം നടന്ന ആല്‍ഫാ സെറീന്‍ ഫ്ളാറ്റിന്റെ പരിസരത്ത് കാര്യങ്ങള്‍ അത്ര സ്വാഭാവികമല്ല. ഒറ്റദിവസംകൊണ്ട് പൊടിയുടെ അപകടം ഇവര്‍ക്ക് അനുഭവപ്പെട്ടുതുടങ്ങി. ഫ്ളാറ്റ് പൊളിച്ചദിവസം രാവിലെ എട്ടുമണിയോടെ വീടുപൂട്ടി ഇറങ്ങേണ്ടിവന്ന നാട്ടുകാര്‍ തിരിച്ചെത്തിയത് വൈകീട്ടോടെയാണ്. പലയിടത്തും ആദ്യം പുരുഷന്‍മാര്‍ വന്ന് നോക്കി കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയിട്ടാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്നവര്‍ തിരികെയെത്തിയത്. വീട്ടുപകരണകള്‍ പൊടിമൂടിക്കിടക്കുന്നതു കണ്ട് മനസ്സ് തകര്‍ന്നാണ് പലരും വീട് തുറന്നത്.

‘സ്ഫോടനം വിജയമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. അത് ഞങ്ങളും സമ്മതിക്കുന്നു. പക്ഷേ, ഞങ്ങളുടെ ജീവിതം സാധാരണനിലയിലാവാന്‍ ഇനി എത്രനാള്‍ വേണ്ടിവരും’- നെടുമ്ബിള്ളി വീട്ടിലെ സനുരാജ് ചോദിക്കുന്നു. സ്ഫോടനത്തിന് മുമ്ബുള്ള പൊളിക്കലില്‍ത്തന്നെ പൊടിയുടെ പ്രശ്നം തുടങ്ങിയിരുന്നു. അതുവരെ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാതിരുന്ന അച്ഛന്‍ ജനാര്‍ദനനെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയില്‍ കൊണ്ടുപോവേണ്ടിവന്നുവെന്ന് സനുരാജ് പറയുന്നു.

മൂന്നും ഏഴും വയസ്സുള്ള കുഞ്ഞുങ്ങളുണ്ട് വീട്ടില്‍. തത്കാലം ഇവിടേക്ക് അവരെ കൊണ്ടുവരുന്നില്ല. പൊടിപേടിച്ചുതന്നെ. ‘സീറോ പെര്‍സെന്റ് ഡാമേജ്’ എന്നാണ് കളക്ടര്‍ പറഞ്ഞത്. ഞങ്ങള്‍ മനുഷ്യരല്ലേ? ഞങ്ങള്‍ക്കുണ്ടായ മാനസിക-ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെ ‘മിഷന്‍ സക്സസ്’ എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ വേദനയുണ്ട്.’

47 കുട്ടികള്‍ താമസിച്ച്‌ പഠിക്കുന്ന ഖദീജത്തുല്‍ കുബ്രാ ഇസ്‌ലാമിക് കോംപ്ലക്സ് നില്‍ക്കുന്നത് ആല്‍ഫാ സെറീന്‍ ഫ്ളാറ്റിന് 50 മീറ്റര്‍ മാത്രം മാറിയാണ്. ഇതിനുപുറമേ, എല്ലാ വീടുകളിലും കുട്ടികളുണ്ട്. രാവിലെയും വൈകീട്ടും സ്കൂള്‍വണ്ടികള്‍ വരുന്നതാണ്. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കാനുള്ള ടോറസ് ലോറികള്‍ ഇടുങ്ങിയ ഈ വഴികളിലൂടെ എങ്ങനെ പോവുമെന്നാണ് സുരേഷിന്റെ ചോദ്യം. പത്ത് ടോറസ് ലോറികളിലായാണ് ആല്‍ഫാ വെഞ്ച്വേഴ്സില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കുന്നത്. കുട്ടികള്‍ ഓടിക്കളിക്കുന്ന വഴിയില്‍ ലോറികള്‍ പായുമ്ബോഴുള്ള അപകടസാധ്യതയെക്കുറിച്ചും ആശങ്കയുണ്ട്.