മരയ്ക്കാറിന്റെ ഒടിടി റിലീസ് ദിവസം തിയേറ്ററിന് മുന്നിൽ കരിങ്കൊടി കെട്ടും; ഫിയോക്

കൊച്ചി: വിവാദമായ മരയ്ക്കാർ റിലീസ് ഒടിടിയിൽ ആണെന്ന് നിർമാതാവ് തീരുമാനിച്ചതിന് പിന്നാലെ റിലീസ് ദിവസം തിയേറ്ററുകൾക്ക് മുൻപ് കരിങ്കൊടി കെട്ടാൻ തീരുമാനിച്ചിരിക്കുകയാണ് പിയോക്. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം ഉണ്ടായത്. തിയേറ്റർ ഉടമകളുമായി കഴിഞ്ഞ ദിവസം നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു ചിത്രം ഒടിടിയിലൂടെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയത് .ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്നും മരയ്ക്കാർ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. അത് തിയേറ്ററുടമകളിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകൾ തുറന്നെങ്കിലും വേണ്ടത്ര ജനപങ്കാളിത്തമില്ല. മിക്ക തിയേറ്ററുകളിലും ഷോകൾ റദ്ദാക്കേണ്ട സാഹചര്യമുണ്ടായി. മരയ്ക്കാർ പോലൊരു ചിത്രം റിലീസിനെത്തിയാൽ പ്രേക്ഷകർ കൂടുതലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു തിയേറ്ററുടമകൾ. 100 കോടിരൂപയോളം ചെലവിട്ടാണ് ചിത്രം നിർമ്മിച്ചത്. ഏകദേശം രണ്ടരവർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്.മോഹൻലാൽ, മഞ്ജു വാര്യർ, അർജുൻ സർജ, പ്രഭു, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, സുഹാസിനി, സുനിൽ ഷെട്ടി, നെടുമുടി വേണു, ഫാസിൽ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Loading...