മരയ്ക്കാർ റിലീസ് ഒടിടിയിൽ തന്നെ; തിയേറ്റർ ഉടമകൾ വിട്ടു വീഴ്ച ചെയ്തില്ല

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം മരയ്ക്കാർ റിലീസുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോ​ഗമിക്കുകയാണ്. ചിത്രം ഒടിടി റിലീസ് തന്നെ ആയിരിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. തിയേറ്റർ ഉടമകൾ വിട്ടു വീഴ്ച ചെയ്യുന്നില്ലെന്നാണ് വിമർശനം. തിയേറ്റർ ഉടമകളുമായുള്ള ചർച്ചകൾ എല്ലാം അവസാനിപ്പിച്ചന്ന് ചേംബർ പ്രസിഡൻറ് ജി സുരേഷ്‍ കുമാർ പറയുന്നത്. മരക്കാർ റിലീസുമായി ബന്ധപ്പെട്ട തർക്ക പരിഹാരത്തിന് മന്ത്രി സജി ചെറിയാൻ വിളിച്ച യോഗം മാറ്റിവെച്ചിരുന്നു. സംഘടനാ പ്രതിനിധികളിൽ ചിലരുടെ അസൗകര്യം കണക്കിലെടുത്താണ് ചർച്ച മാറ്റിയതെന്നായിരുന്നു വിശദീകരണം. എല്ലാവർക്കും സൗകര്യപ്രദമായ മറ്റൊരു തീയതിയിൽ ചർച്ച നടത്തുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് സിനിമാ സംഘടനകൾ തമ്മിൽ നടത്തിയ ചർച്ച പൊളിഞ്ഞതോടെയാണ് സർക്കാർ ഇടപെടാൻ തീരുമാനിച്ചത്.

അഡ്വാൻസ് തുകയായി മരക്കാറിന് തിയറ്റർ ഉടമകൾ 40 കോടി രൂപ നൽകണമെന്നാണ് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ ആവശ്യപ്പെട്ടത്. എന്നാൽ 40 കോടി എന്ന ആവശ്യം തള്ളിയതിന് പിന്നാലെ പരാമവധി 10 കോടിയെന്നായിരുന്നു ഫിയോക്കിൻറെ മറുപടി. ഒടുവിൽ ചേംബർ ഇടപെടലിൽ നിർമ്മാതാവ് മുൻകൂർ തുക 25 കോടിയാക്കി. പരമാവധി സ്ക്രീനുകൾ എന്ന നിർമ്മാതാവിൻറെ ആവശ്യം ഫിയോക് അംഗീകരിച്ചിരുന്നു. റിലീസ് സമയം 500 കേന്ദ്രങ്ങളിൽ മൂന്നാഴ്ച മരക്കാർ മാത്രം പ്രദർശിപ്പിക്കാമെന്നായിരുന്നു ഉറപ്പ്.ഒടിടിയിൽ ആമസോൺ അടക്കമുള്ള പ്ളാറ്റ് ഫോമുകൾ മരയ്ക്കാറിന് വെച്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്.മോഹൻലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങൾ കൂടി ഉള്ളതിനാൽ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പൻ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.

Loading...