ജ്യോത്സ്യനെ ക്രൂരമായി കൊലപ്പെടുത്തിയത് മദ്യത്തിന് വേണ്ടി, ശരീരത്തിൽ 28 വെട്ട്‌

മദ്യപിക്കാന്‍ പണം നല്‍കിയില്ല, ജ്യോത്സ്യനെ അടിച്ച് വീഴ്ത്തി വെട്ടി, ശരീരത്തില്‍ 28 വെട്ട്, ചാക്കില്‍ പൊതിഞ്ഞ് ഉപേക്ഷിച്ചു

മറയൂര്‍: ജ്യോത്സ്യനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്‌ മറയൂരിനെ ഒന്നാകെ ഞെട്ടിച്ചിരുന്നു. മൃതദേഹം കണ്ടെത്തി അധികം വൈകാതെ തന്നെ പ്രതികളെയും പോലീസ് കുടുക്കി. മറയൂര്‍ ബാബുനഗറില്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമായ ഉഷ തമ്പിദുരൈയുടെ പിതാവ് മാരിയപ്പന്‍ എന്ന 70 കാരനായിരുന്നു കൊല്ലപ്പെട്ടത്. മറയൂരിലെ വൈദ്യുതി ഓഫീസിന് സമീപം ആയി ചാക്കില്‍ കെട്ടിയ നിലയില്‍ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. എരുമേലി ശാന്തിപുരം സ്വദേശി ആലയില്‍ വീട്ടില്‍ മിഥുന്‍(26), മറയൂര്‍ ബാബുനഗര്‍ സ്വദേശി അന്‍പഴകന്‍(65) എന്നിവരാണ് അറസ്റ്റിലായത്.

Loading...

തമിഴ്‌നാട്ടിലായിരുന്നു ജ്യോത്സ്യന്‍ കൂടിയായ മാരിയപ്പന്‍ കൂടുതലും സമയം ചിലവഴിച്ചിരുന്നത്. ഞായറാഴ്ച മൂന്നരയോടെ മാരിയപ്പന്‍ മറയൂരില്‍ എത്തി. വീട്ടിലേക്ക് പോകാതെ പതിവ് പോലം സുഹൃത്ത് അന്‍പഴകന്റെ വീട്ടിലേക്ക് പോയി. ഈ വീട്ടില്‍ വാടകയ്ക്ക് കഴിഞ്ഞിരുന്ന തടിപ്പണിക്കാരനായ മിഥുനും ഈ സമയം അവിടെ ഉണ്ടായിരുന്നു. മൂവരും ഒരുമിച്ച് ഇരുന്ന് മദ്യപിച്ച ശേഷം രാത്രി ഒമ്പതരയോടെ ഉറങ്ങാന്‍ കിടന്നു. രാത്രി ഒരു മണിയോടെ മിഥുന്‍ ഉണരുകയും വീണ്ടും മദ്യപിക്കുന്നതിനായി മാരിയപ്പനോട് പണം ചോദിച്ചു. എന്നാല്‍ മാരിയപ്പന്‍ പണം നല്‍കിയില്ല. ഇതോടെ മാരിയപ്പനും മിഥുനുമായി വാഗ്വാദവും ഉന്തും തള്ളും ഉണ്ടായി. തുടര്‍ന്നുണ്ടായ അക്രമത്തിലാണ് മാരിയപ്പന് ജീവന്‍ നഷ്ടപ്പെട്ടതെന്ന് പോലീസ് പറയുന്നു.

മാരിയപ്പനെ മിഥുന്‍ കൈ കൊണ്ട് അടിച്ച് നിലത്തിട്ട ശേഷം സമീപത്ത് ഉണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുക ആയിരുന്നു. മാരിയപ്പന്റെ ശരീരം മുഴുവനായി വെട്ടേറ്റ 28 മുറിവുകള്‍ ഉണ്ട്. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം, മൂന്നു മണിയോടെ ആണ് മാരിയപ്പന്റെ മൃതദേഹം മിഥുനും, അന്‍പഴകനും കൂടി വീടിന് 200 മീറ്റര്‍ അകലെ കെഎസ്ഇബി ഓഫിസിനു പിന്‍ഭാഗത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചത്. ഇന്നലെ രാവിലെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തി. മറയൂര്‍ കാന്തല്ലൂര്‍ റോഡിന് സമീപത്തെ ടിഎല്‍ബി കനാലിന്റെ അരികില്‍ തിങ്കളാഴ്ച രാവിലെ എട്ടു മണിയോടു കൂടിയാണ് ചാക്കില്‍ കെട്ടിതള്ളിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായ അന്‍പിന്റെ വീടിന് മുന്‍പിലുള്ള മുറിയിലാണ് മരപ്പണിക്കാരനായ മിഥുന്‍ വാടകയ്ക്ക് താമസിച്ചു വരുന്നത്. ഈ വീടിന്റെ മുന്‍വശം കഴുകി വൃത്തിയാക്കിയ നിലയിലും കണ്ടെത്തി.

അതേസമയം, ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ മാരിയപ്പന്റെ വികൃതമായ മൃതദേഹം തിരിച്ചറിയാന്‍ കഴിയാതെ പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും വിഷമിച്ചു. ഒടുവില്‍ മൃതദേഹം തിരിച്ചറിയുവാന്‍ സഹായമായത് മൃതദേഹത്തില്‍ കണ്ടെത്തിയ പൂണൂലാണ്. ചാക്കില്‍ നിന്ന് മൃതദേഹം പുറത്തെടുത്തപ്പോള്‍ പുണൂല്‍ കണ്ട് ആദ്യം കൊല്ലപ്പെട്ടത് മാരിയപ്പനാണെന്ന് തിരിച്ചറിഞ്ഞത് മറയൂര്‍ പട്ടം കോളനി സ്വദേശിയും സി. പി. എം പ്രാദേശിക നേതാവുമായ കെ വി മനോജ് ആണ്. തുടര്‍ന്ന് മനോജ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസും മനോജും പഞ്ചായത്തംഗത്തിന്റെ വീട്ടില്‍ എത്തിയപ്പോള്‍ മാരിയപ്പനെ കാണാതായെന്ന വിവരവും വ്യക്തമായി . ഞായറാഴ്ച രാത്രി കുടുംബവുമായി സംസാരിച്ചതന്റെ അടിസ്ഥാനത്തില്‍ മാരിയപ്പന്‍ അന്‍പഴകന്റെ വീട്ടിലുണ്ടെന്ന് പറഞ്ഞതായി പോലീസിന് സൂചന ലഭിച്ചു. ഇതിനെ തുടര്‍ന്നാണ് അന്വേഷണം അന്‍പഴകനിലേക്കും മിഥുനിലേക്കും നീങ്ങിയത്. ഇടുക്കി ജില്ലാ പൊലീസ് മേധാവി പി.കെ. മധുവും സ്ഥലത്തെത്തി. തൊടുപുഴ ഡിവൈഎസ്പി: കെപി.ജോസ്, മറയൂര്‍ സിഐ വി.ആര്‍. ജഗദീഷ്, മൂന്നാര്‍ സിഐ. റെജി എം.കുന്നിപ്പറമ്ബന്‍, മറയൂര്‍ എസ്ഐ ജി.അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്‍ക്വസ്റ്റ് തയാറാക്കിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.