വധുവിന്റെ ഉമ്മ പോലും പങ്കെടുക്കാത്ത വിവാഹം, ഇത് കൊറോണക്കാലത്തെ മാതൃക

ആലപ്പുഴ: ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്. രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ ഉത്സവം പെരുന്നാള്‍ തുടങ്ങി എല്ലാ ആഘോഷങ്ങളും മാറ്റി വെച്ചിരുന്നു. വിവാഹവും പലരും മാറ്റി വയ്ക്കുകയാണ്. ഈ സമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് നടന്ന ഒരു വിവാഹത്തിന്റെ വാര്‍ത്തകളാണ് ഏവരെയും അത്ഭുത പെടുത്തുന്നത്. ആലപ്പുഴ വണ്ടാനം വാണിയം പറമ്പ് ഇബ്രാഹിം കുട്ടിയുടെയും ലൈല ബീവിയുടെയും മകള്‍ ശബാനയുടെയും കായംകുളം മുക്കവല മോനി ഭവനില്‍ സലിം രാജിന്റെയും ബുഷ്‌റയുടെയും മകന്‍ സബീലിന്റെയും വിവാഹമാണ് മാതൃകയായത്. നാല് പേര്‍ മാത്രമാണ് ഇവരുടെ നിക്കാഹില്‍ പങ്കെടുത്തത്.

വിദേശത്ത് ആയിരുന്നു സബീലിന്റെ കുടുംബം വിവാഹ ഒരുക്കങ്ങള്‍ക്ക് വേണ്ടി നേരത്തെ തന്നെ നാട്ടില്‍ എത്തിയിരുന്നു. ജോലിയുടെ ആവശ്യം മൂലം ഏപ്രിലില്‍ വിദേശത്തേക്ക് തിരികെ പോകേണ്ടി വന്നതിനാല്‍ വിവാഹം നീട്ടി വെക്കാന്‍ സാധിക്കാത്ത സാഹചര്യം ആയിരുന്നു. ഒമ്പത് മാസം മുമ്പ് നിശ്ചയിച്ചതായിരുന്നു വിവാഹം. തൊട്ടടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ പോലും വിവാഹത്തില്‍ പങ്കെടുത്തില്ല.

Loading...

സബീലും അനുജന്‍ സജീറും കായംകുളം പള്ളി മഹലിന്റെ വിവാഹ രജിസ്റ്ററുമായി കാറില്‍ പെണ്‍ കുട്ടിയുടെ പിതാവിന്റെ കുടുംബ വീടായ കഞ്ഞിപ്പാടത്ത് എത്തി. ശബാനയുടെ പിതാവ് ഇബ്രാഹിംകുട്ടിയും മഹല്ല് ഭാരവാഹിയും അടക്കം വിവാഹത്തിന് ആകെ നാലുപേര്‍. ശബാനയുടെ ഉമ്മ ലൈല പോലും വിവാഹം നടക്കുന്നിടത്തേക്ക് വന്നില്ല. നിക്കാഹിനു ശേഷം വധുവിനെയും കൂട്ടി സബീല്‍ കായംകുളത്തെ വീട്ടിലേക്ക് തിരിച്ചു.

വിവാഹം അറിഞ്ഞ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സമൂഹ മാധ്യമങ്ങള്‍ വഴി ഇരുവര്‍ക്കും മംഗളാശംസ നേര്‍ന്നു. സിവില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി നില്‍ക്കുകയാണ് ശബാന. ദുബൈയിലാണ് സബീല്‍ ജോലി നോക്കുന്നത്. കോവിഡ് നിയന്ത്രണം മാറിക്കഴിഞ്ഞ് ക്ഷണിച്ചവര്‍ക്കെല്ലാം വിവാഹ സല്‍ക്കാരം ഒരുക്കുമെന്ന് ഇബ്രാഹിംകുട്ടിയും സലിംരാജും അറിയിച്ചു.

ഇപ്പോള്‍ വിവാഹങ്ങള്‍ ആഘോഷവും ആര്‍ഭാടവും ആണ്. ഇത്തരത്തില്‍ ആഘോഷപരമായ ഒരു വിവാഹം സ്വപ്‌നം കണ്ട ശബാനയും സബീലും സമൂഹ നന്മ കണക്കിലെടുത്ത തങ്ങളുടെ സ്വപ്‌ന വിവാഹം ഉപേക്ഷിച്ച് ഉറ്റവരെയും അടുത്ത സുഹൃത്തുക്കളെയും പോലും പങ്കെടുപ്പിക്കാതെ നല് പേരെ മാത്രം പങ്കെടുപ്പിച്ച് വിവാഹം നടത്തുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ സമൂഹത്തിന് വലിയ ഉദാഹരണമാണെന്നാണ് ഏവരും പറയുന്നത്.