ഇത് കേരളമോ…പള്ളിയിൽ വിവാഹം നടത്താൻ വധുവിന്റെ കന്യകാത്വ സർട്ടിഫിക്കേറ്റ് വേണമെന്ന് വാശിപിടിച്ച് ഓർത്തഡോക്സ് സഭാ വൈദികൻ

സഭാചാര പ്രകാരം പള്ളിയിൽ വെച്ച് വിവാഹം നടത്തിത്തരണമെങ്കിൽ വധു കന്യകയെന്ന് തെളിയിക്കണമെന്ന് ഓർത്തഡോക്സ് വൈദികൻ. ഇതിനായി കന്യകാത്വ പരിശോധനാ സർട്ടിഫിക്കറ്റും ഹാജരാക്കണം.

പത്തനംതിട്ട പുത്തൻപീടിക സെന്റ് മേരീസ് ചർച്ചിലെ വൈദികൻ ഷിബുവച്ചൻ എന്ന ഫാദർ ജേക്കബ് ബേബിയാണ് സഭയുടെ യുവജന വിഭാഗം നേതാവായ യുവാവിനോട് ഈ ആവശ്യം ഉന്നയിച്ചത്.

Loading...

നേരത്തെ രജിസ്റ്റർ വിവാഹം നടത്തിയ ഇരുവരും തമ്മിൽ ദാമ്പത്യ ബന്ധത്തിൽ ഏർപ്പെട്ടിരിക്കാമെന്നും അതിനാൽ പള്ളിയിൽ വിവാഹം നടത്തി തരാൻ സാധിക്കില്ലത്രേ. അതുകൊണ്ട് ഇനി വിവാഹം നടത്തണമെങ്കിൽ വധുവിനെ ഏതെങ്കിലും ഗൈനക്കോളജിസ്റ്റിനെ കാണിച്ച് കന്യകാത്വ പരിശോധ നടത്തി, സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് വൈദികന്റെ വാദം.

സമീപ പ്രദേശത്ത് തന്നെയുള്ള റോമൻ കത്തോലിക്കാ വിഭാഗത്തിൽ പെട്ട യുവതിയെയാണ് യുവാവ് വിവാഹം ചെയ്തത്. യുവാവുമായുള്ള പ്രണയത്തിനെ തുടർന്ന് യുവതി ഓർത്തഡോക്സ് വിശ്വാസം സ്വീകരിച്ചിരുന്നു. വീണ്ടും വീണ്ടും നിസ്സാരകാരണങ്ങൾ പറഞ്ഞ് വിവാഹം മുടക്കുകയാണ് വൈദികനിപ്പോൾ.

യുവാവും യുവതിയും പ്രണയകാലത്ത് വീട്ടുകാർ വിവാഹത്തിനോട് അനുകൂല നിലപാട് സ്വീകരിക്കാതിരുന്നതോടെ മാസങ്ങൾക്കു മുൻപ് പത്തനംതിട്ട രജിസ്ട്രാർ ഓഫിസിൽ സ്‌പെഷ്യൽ മാരിയേജ് ആക്റ്റ് പ്രകാരം രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഇക്കാര്യം അറിഞ്ഞ ഷിബുവച്ചൻ നിരവധി തവണ രജിസ്ട്രാർ ഓഫീസിൽ കയറിയിറങ്ങി സർട്ടിഫിക്കറ്റിന്റെ പകർപ്പ് ആവശ്യപ്പെട്ടുവെങ്കിലും കിട്ടിയില്ല.

ഇതിനിടെ ഷിബുവച്ചൻ വിവരാവകാശ നിയമപ്രകാരം രേഖകൾക്കായി അപേക്ഷ നൽകി. വൈദികൻ എന്ന നിലയിലുള്ള ഔദ്യോഗിക വിലാസം നൽകിയാണ് അപേക്ഷ നൽകിയത്. അപ്പോഴേക്കും വീട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും യുവതി ഓർത്തഡോക്സ് വിശ്വാസം സ്വീകരിക്കുകയും ചെയ്തു.

ഇതിനിടെ, വിവാഹം നടത്തിത്തരണമെന്ന അപേക്ഷയുമായി എത്തിയ യുവാവിനോട് വളരെ മോശമായ നിലയിൽ പെരുമാറുകയും വധുവിന്റെ കന്യകാത്വ സർട്ടിഫിക്കേറ്റ് ആവശ്യപ്പെടുകയും ആയിരുന്നു.

വിവാഹം നടത്തിയത് സഭാ ആചാരങ്ങൾക്ക് എതിരാണെന്നും വിവാഹം രജിസ്റ്റർ ചെയ്തത് കൊണ്ടുതന്നെ ഇരുവരും ദാമ്പത്യ ബന്ധത്തിൽ ഏർപ്പെട്ടിരിക്കാം എന്നുമുള്ള വാദങ്ങൾ ഷിബുവച്ചൻ മുന്നോട്ടു വച്ചു. സംഭവം വിശ്വാസികൾക്കിടയിലും പള്ളിക്കമ്മിറ്റിയിലും വലിയ കോലാഹലം സൃഷ്ടിച്ചു.

പള്ളിക്കമ്മിറ്റിയിൽ ഔദ്യോഗിക സ്ഥാനം വഹിക്കുന്നവർ ഷിബുവച്ചനോടുള്ള പ്രതിഷേധം രേഖപ്പെടുത്തി സ്ഥാനം രാജി വച്ചു.

യുവാവ് സഭയിലെ ഉന്നതരോട് പരാതിപ്പെടുകയും ഒടുവിൽ യുവാവിന് അനുകൂലമായി സഭ തീരുമാനമെടുക്കുകയും ചെയ്തു. ഷിബുവച്ചനോട് യുവാവിന്റെ വിവാഹം നടത്തിക്കൊടുക്കാൻ സഭ ആവശ്യപ്പെട്ടു. അപ്പോഴും നിസാര കാരണങ്ങൾ കണ്ടെത്താനും വിവാഹം വൈകിപ്പിക്കാനും ഷിബുവച്ചൻ തുടങ്ങി.

ഒടുവിൽ സഭയുടെയും വിശ്വാസികളുടെയും നിർബന്ധത്തിനു വഴങ്ങി ജൂലൈ 15 തിങ്കളാഴ്ച പള്ളിയിൽ വച്ച് വിവാഹം തീരുമാനിച്ചു. വിവാഹ സമയത്ത് വധു ഓർത്തഡോക്സ് വിശ്വാസം സ്വീകരിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്ന പത്രത്തിൽ ‘കുമ്പസാരിച്ച് കുർബാന അനുഭവിച്ചു’ എന്നു എഴുതിയിട്ടില്ലെന്നും കുമ്പസാരത്തെക്കുറിച്ച് മാത്രമേ പരാമർശമുള്ളൂ എന്ന് ചൂണ്ടിക്കാട്ടി വിവാഹം നടത്തിത്തരാൻ കഴിയില്ലെന്ന് ഷിബുവച്ചൻ വാശിപിടിച്ചു.

ഒടുവിൽ എല്ലാവരുടെയും സമ്മർദ്ദത്തെത്തുടർന്ന് 200 രൂപയുടെ മുദ്രപത്രത്തിൽ വധുവിനെക്കൊണ്ട് വിശ്വാസം സംബന്ധിച്ച് എഴുതി വാങ്ങിയ ശേഷമാണ് വിവാഹം നടത്തിക്കൊടുത്തത്.