മന്ത്രി പി.കെ ജയലക്ഷ്മി വിവാഹിതയാകുന്നു

മന്ത്രി പി.കെ ജയലക്ഷ്മി വിവാഹിതയാകുന്നു. കേരള മന്ത്രിസഭയിലെ ഏക വനിതാ അംഗമായ പി.കെ. ജയലക്ഷ്‌മിക്ക്‌ അടുത്ത മാസം വിവാഹം. കമ്പളക്കാട്‌ ചെറുവടി പരേതനായ അണ്ണന്റെയും കുംഭയുടെയും മകന്‍ അനില്‍കുമാറാണ്‌ വരന്‍. മന്ത്രിക്ക്‌ മേടത്തില്‍ മിന്നുചാര്‍ത്തല്‍ നടക്കുമെന്ന്‌ കുടുംബ വൃത്തങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

മേയ്‌ 10 ആണ്‌ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഏറെ മുന്‍പേ ആലോചിച്ചുവച്ച വിവാഹം ഇനിയും നീട്ടേണ്ടതില്ലെന്ന തീരുമാനത്തിലേക്ക്‌ ഇരു കുടുംബങ്ങളും എത്തിയത്‌ അടുത്തിടെയാണ്‌. മന്ത്രിയുടെ തറവാടായ വാളാട്ടെ പാലോട്ട്‌ വീട്ടില്‍ ആകും താലികെട്ട്‌.

Loading...

അനുയോജ്യമായ ദിവസം കണ്ടെത്തിയതേയളളൂവെന്നും നിശ്‌ചയച്ചടങ്ങ്‌ അടക്കം കാര്യങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ടെന്നും മന്ത്രിയുടെ പിതാവ്‌ കുഞ്ഞാമന്‍ പറഞ്ഞു. നിശ്‌ചയം കഴിഞ്ഞിട്ട്‌ എല്ലാവരെയും നേരില്‍ അറിയിക്കുമെന്നും മന്ത്രി പി.കെ. ജയലക്ഷ്‌മി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‌ മുന്‍പു തന്നെ തുടങ്ങിയതാണ്‌ ഈ വിവാഹാലോചന. മന്ത്രിയായതോടെ വിവാഹം നീട്ടിവയ്ക്കുകയായിരുന്നു.

വയനാട്ടിലെ തലയെടുപ്പുളള പാലോട്ട്‌ കുറിച്യ തറവാട്ടിലെ അംഗമാണ്‌ മന്ത്രി പി.കെ. ജയലക്ഷ്‌മി. പഴശ്ശിയുടെ പടയോട്ടങ്ങളില്‍ പങ്കെടുത്ത്‌ പോരാട്ട വീര്യം കാട്ടിയ കുറിച്യ പടയാളികളുടെ പിന്‍മുറക്കാരാണ്‌ പാലോട്ടുകാര്‍. കൂട്ടുകുടുംബ രീതി നിലനില്‍ക്കുന്ന തറവാട്ടില്‍ ഇന്നും ഇരുന്നൂറോളം അംഗങ്ങളുണ്ട്‌. കൃഷിയെയും അസ്‌ത്ര വിദ്യയെയും ഏറെ സ്‌നേഹിക്കുന്ന, നാലുകെട്ടും നടുമുറ്റവുമുളള തറവാട്ടില്‍ മന്ത്രിയുടെ വിവാഹം ഗംഭീരമാക്കാനുളള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.