മുഖ്യമന്ത്രിയടക്കം വാങ്ങിയത് 96 കോടി രൂപ, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

തിരുവനന്തപുരം : മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും കൂട്ടർക്കും എതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 96 കോടി രൂപയാണ് മുഖ്യമന്ത്രി അടക്കം വാങ്ങിയത്. വിജിലൻസും ലോകായുക്ത അടക്കമുള്ള സർക്കാരിന്റെ ഏജൻസികൾ നോക്കുകുത്തികളാണെന്നും സുരേന്ദ്രൻ പറഞ്ഞു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നുംഅദ്ദേഹം വ്യക്തമാക്കി.

എൽ.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും നേതാക്കൾ, മുഖ്യമന്ത്രി, അന്നത്തെ പ്രതിപക്ഷ നേതാവ് അടക്കം പ്രമുഖരായിട്ടുള്ള നേതാക്കളാണ് മാസപ്പടി വിവാദത്തിൽ കുടുങ്ങിയിട്ടുള്ളത്. ഇവരെല്ലാം കൂടി കൈപ്പറ്റിയതാണ് മേൽപ്പറഞ്ഞ 96 കോടി. കരിമണൽ കമ്പനിയിൽ നിന്ന് മുഖ്യമന്ത്രി എന്തിന് കോടിക്കണക്കിന് രൂപ അനധികൃതമായി വാങ്ങിയെന്ന് സുരേന്ദ്രൻ ചോദിച്ചു.

Loading...

അദ്ദേഹത്തിന്റെ മകൾ മാത്രമല്ല അദ്ദേഹത്തിന്റെ പേരും പലയിടത്തായി ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. എന്തു സൗജന്യമാണ് മുഖ്യമന്ത്രി കരിമണൽ കമ്പനിക്ക് ചെയ്തു കൊടുത്തിട്ടുള്ളത്. എന്തിനുവേണ്ടിയാണ് രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾക്ക് കമ്പനി പണം നൽകിയതെന്നും സുരേന്ദ്രൻ ചോദിക്കുകയുണ്ടായി. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് നിയമനടപടിയിലേക്കും പ്രക്ഷോഭ പരിപാടികളിലേക്കും കടക്കാനാണ് ബിജെപിയുടെ തീരുമാനം.