ഇറാന് മറ്റൊരു കമാന്‍ഡറെ കൂടി നഷ്ടമായി; കൊല്ലപ്പെട്ടത് സുലൈമാനിയുടെ അടുപ്പക്കാരന്‍

തെഹറാന്‍: സുലൈമാനി വധത്തിന്റെ പേരിലുള്ള പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും തുടരുന്നതിനിടെ ഇറാന് വീണ്ടും മറ്റൊരു കമാന്‍ഡറെ കൂടി നഷ്ടമായി. അജ്ഞാതനായ തോക്ക്ധാരിയാണ് കമാന്‍ഡറെ കൊലപ്പെടുത്തിയത്. സുലൈമാനി വധത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഇറാന് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. കുവൈത്തിലേക്കും സുലൈമാനി വധത്തിന്റെ ഉത്തരവാദിത്തം നീളുന്നുവെന്നാണ് ഇറാന്‍ സൂചിപ്പിക്കുന്നത്.

ഇറാന്റെ ദക്ഷിണ പശ്ചിമ മേഖലയിലുള്ള സുരക്ഷാ സൈന്യത്തിന്റെ കമാന്‍ഡറാണ് ദാരുണമായി കൊല്ലപ്പെട്ടത്. അതേസമയം വിദേശ ഇടപെടല്‍ ഉണ്ടായോ എന്ന കാര്യത്തിലടക്കം അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാന്‍. സുലൈമാനി വധത്തിന് സമാനമാണ് ഈ സംഭവമെങ്കില്‍ പശ്ചിമേഷ്യയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കും. സൗദി അറേബ്യയും ഇസ്രയേലും ഓരോ നീക്കത്തെയും നിര്‍ണായകമായി വിലയിരുത്തിയേക്കും.

Loading...

ഇറാന്റെ അര്‍ധസൈനിക സുരക്ഷാ സേനയുടെ പ്രാദേശിക കമാന്‍ഡറാണ് കൊല്ലപ്പെട്ടത്. ഇയാളെ മുഖംമൂടി ധരിച്ച തോക്കുധാരിയാണ് കൊല്ലപ്പെടുത്തിയത്. അക്രമി ഇയാളെ കാത്തിരുന്നാണ് കൊലപ്പെടുത്തിയത്. ഖാസിം സുലൈമാനിയുമായി ബന്ധപ്പെട്ട് കമാന്‍ഡറായ അബ്ദുള്‍ഹുസൈന്‍ മൊജാദാമി പ്രവര്‍ത്തിച്ചിരുന്നു. ഇയാള്‍ ഇറാനിലെ പ്രമുഖമായ ബാസിജ് സേനയുടെ കമാന്‍ഡാണ്. റെവലൂഷണറി ഗാര്‍ഡ്‌സിന്റെ അര്‍ധസൈനിക വിഭാഗമാണിത്.

സുലൈമാനിയുമായി അടുപ്പമുള്ളത് കൊണ്ടാണോ ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ഇറാന്‍ സംശയിക്കുന്നുണ്ട്. ആഭ്യന്തര സുരക്ഷയായിരുന്നു മൊജാദാമിക്ക് നല്‍കിയിരുന്നത്. ദാര്‍ക്കോയിന്‍ നഗരത്തിന്റെ ചുമതലയായിരുന്നു ഇയാള്‍ക്ക് ഉണ്ടായിരുന്നത്. വീടിന് മുന്നില്‍ വെച്ചാണ് മൊജാദാമിയെ വെടിവെച്ച് കൊന്നതെന്ന് റെവലൂഷണറി ഗാര്‍ഡ്‌സ് വാര്‍ത്താ ഏജന്‍സി പറഞ്ഞു. ബൈക്കിലെത്തിയ രണ്ട് തോക്കുധാരികള്‍ മൊജാദാമിയെ കടന്നാക്രമിക്കുകയും കൊലപ്പെടുത്തുകയായിരുന്നു. നാല് തവണ ഇയാള്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടുണ്ട്.

ഇറാനെ മൊജാദാമിയുടെ വധം ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് അവര്‍. അതേസമയം കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. നേരത്തെ ബാസിജിലുള്ള സൈന്യവും പ്രതിഷേധക്കാരും തമ്മില്‍ നേരത്തെ വലിയ ഏറ്റുമുട്ടല്‍ നവംബറിലുണ്ടായിരുന്നു. അതില്‍ നിരവധി പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമാണോ എന്നും സംശയിക്കപ്പെടുന്നുണ്ട്. റെവലൂഷണറി ഗാര്‍ഡ്‌സുമായി വലിയ അടുപ്പവും മെജാദാമിക്കുണ്ടായിരുന്നു. വിദേശ ഇടപെടലിനെ കുറിച്ച് ഇറാന്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല.

കുവൈത്തിലേക്കും ആരോപണങ്ങള്‍ നീളുകയാണ് സുലൈമാനി വധത്തില്‍. സുലൈമാനിയെ വധിച്ച ഡ്രോണുകള്‍ കുവൈത്തിലെ സൈനിക ബേസില്‍ നിന്നാണ് വന്നതെന്ന് ഇറാന്‍ സൈന്യം പറഞ്ഞു. നേരത്തെ തന്നെ ഡ്രോണുകളുടെയും യുദ്ധ വിമാനങ്ങളുടെയും സാന്നിധ്യം ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം കണ്ടിരുന്നു. എന്നാല്‍ സുലൈമാനിയെ വധിക്കാനായിരുന്നു ഈ നീക്കമെന്ന് അറിഞ്ഞിരുന്നില്ല. പേര്‍ഷ്യന്‍ ഗള്‍ഫിനെ നാല് സൈനിക ബേസുകള്‍ക്ക് സുലൈമാനി വധത്തില്‍ പങ്കുണ്ടെന്നും ഇറാന്‍ പറഞ്ഞു.

ഇറാന്റെ പുതിയ സൈനിക മേധാവി ഇസ്മായില്‍ ഖനിക്കും സുലൈമാനിയുടെ ഗതി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അമേരിക്കക്കാരെ കൊല്ലുന്ന നടപടി ഖനി തുടരുകയാണെങ്കില്‍ അയാള്‍ക്കും മരണം ഉറപ്പാണെന്ന് ഇറാനിലെ യുഎസ് പ്രത്യേക പ്രതിനിധി ബ്രയാന്‍ ഹുക്ക് പറഞ്ഞു. ഇത് ഇറാനെതിരെയുള്ള ഭീഷണിയല്ല. അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞതാണ്. ഇക്കാര്യങ്ങള്‍ ഇറാന് മനസ്സിലായിട്ടുണ്ടാവുമെന്നും ഹുക്ക് പറഞ്ഞു.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഇതേ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കണ്ടിരുന്നു. ഇറാനുമായുള്ള യുദ്ധം ഒഴിവാക്കണമെന്നും, യുദ്ധം ഉണ്ടായാല്‍ വളരെ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നും ഇമ്രാന്‍ ഖാന്‍ ട്രംപിനോട് പറഞ്ഞിരുന്നു. അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഇതിനിടയില്‍ ഇറാനുമായുള്ള യുദ്ധം വന്നാല്‍ മേഖല തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതേസമയം ഇറാന്‍ സൈനിക മേധാവി ഇസ്മായില്‍ ഖനി യുഎസ്സിനെതിരെ പ്രതികാരം ചെയ്യുമെന്ന് ആവര്‍ത്തിച്ചിട്ടുണ്ട്.